പത്തനംതിട്ട: ശബരിമല യുവതീപ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധി തെറ്റായിരുന്നുവെന്ന് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. യുവതീപ്രവേശം അടഞ്ഞ അദ്ധ്യായമാണെന്നും അദ്ദേഹം പറഞ്ഞു. പമ്പയിൽ നടക്കുന്ന ആഗോള അയ്യപ്പസംഗമത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു പ്രതികരണം.
കേരളത്തിലെയും രാജ്യത്തെയും അയ്യപ്പഭക്തർ വിധിക്കെതിരാണെന്ന് സുപ്രീം കോടതിക്കുതന്നെ ബോദ്ധ്യമായി. സർക്കാർ, സുപ്രീം കോടതി വിധിയെ മാനിച്ചു. ജനകീയ വികാരം എന്താണെന്ന് മനസിലാക്കിയപ്പോൾ അതിൽനിന്ന് പിന്മാറി. ഇതെക്കുറിച്ച് കൂടുതൽ സംസാരിക്കേണ്ടതില്ലെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
അതേസമയം, പമ്പയിൽ ആഗോള അയ്യപ്പ സംഗമത്തിന് തിരിതെളിയിച്ചിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ദേവസ്വം മന്ത്രി വിഎൻ വാസവനും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശനും തിരിതെളിയിച്ചു.
'ശബരിമലയുടെ മതാതീത ആത്മീയത ഒരു അത്യപൂര്‍വതയാണ്. ഇതുലോകത്തിനുമുന്നില്‍ കൊണ്ടുവരിക എന്നതു പ്രധാനമാണ്. അങ്ങനെ, രാജ്യാന്തരങ്ങളില്‍ നിന്നുള്ള അയ്യപ്പഭക്തരെ ഇങ്ങോട്ട് ആകര്‍ഷിക്കാന്‍ കഴിയണം. അതിനുതകുന്ന വിധത്തില്‍ ശബരിമലയുടെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുകയും ആകര്‍ഷകമാക്കുകയും വേണം. മധുരയുടെയും തിരുപ്പതിയുടെയുമൊക്കെ മാതൃകയില്‍ ശബരിമലയെയും തീര്‍ത്ഥാടക ഭൂപടത്തില്‍ ശ്രദ്ധേയ കേന്ദ്രമാക്കി ലോകത്തിനുമുമ്പില്‍ അവതരിപ്പിക്കുക എന്നതും ഈ അയ്യപ്പസംഗമത്തിന്റെ ലക്ഷ്യമാണ്. ഇത്ര കാലവുമില്ലാത്ത ഈ സംഗമം ഇപ്പോള്‍ എന്തുകൊണ്ടാണ് എന്നാണ് ചിലര്‍ ചോദിക്കുന്നത്. മാറുന്ന കാലത്തിന് അനുസരിച്ച് തീര്‍ത്ഥാടകപ്രവാഹം വര്‍ദ്ധിക്കുമ്പോള്‍ അത് ആവശ്യപ്പെടുന്ന രീതിയില്‍ ഉയര്‍ന്നു ചിന്തിക്കേണ്ടതുകൊണ്ട് എന്നതാണ് ഇതിനുത്തരം'-മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |