അടിമാലി: ആനച്ചാൽ തട്ടാത്തിമുക്കിന് സമീപം റിസോർട്ടിന്റെ സംരക്ഷണഭിത്തി നിർമ്മിക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് രണ്ടുപേർ മരിച്ച സംഭവത്തിൽ റിസോർട്ട് ഉടമകൾക്കെതിരെ കേസ്. എറണാകുളം സ്വദേശി ഷെറിൻ അനില ജോസഫ്, ഭർത്താവ് സെബി പി ജോസഫ് എന്നിവരെ ഒന്നും രണ്ടും പ്രതികളാക്കിയാണ് കേസ് എടുത്തിരിക്കുന്നത്. സ്റ്റോപ്പ് മെമ്മോ ലംഘിച്ചും സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെയും നിർമാണം നടത്തിയതാണ് അപകടത്തിന് കാരണമായതെന്ന് എഫ്‌ഐആറിൽ പറയുന്നു. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ബൈസൺവാലി ഈന്തുംതോട്ടത്തിൽ ബെന്നി (43 ), ആനച്ചാൽ ശങ്കുപ്പടി കുഴിക്കാട്ടു മറ്റത്തിൽ രാജീവ് (കണ്ണൻ- 43) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലിനാണ് അപകടമുണ്ടായത്. ചിത്തിരപുരം തട്ടാത്തിമുക്കിന് സമീപം നിർമ്മാണത്തിലിരിക്കുന്ന റിസോർട്ടിന്റെ സംരക്ഷണ ഭിത്തിയുടെ നിർമ്മാണ ജോലികൾക്കിടെയാണ് മണ്ണിടിച്ചിലുണ്ടായത്. മൺതിട്ടയ്ക്ക് സമീപം ജോലി ചെയ്യുകയായിരുന്ന തൊഴിലാളികളുടെ ദേഹത്തേക്കാണ് വലിയ തോതിൽ മണ്ണിടിഞ്ഞ് വീണത്. പ്രദേശത്ത് കനത്ത മഴയും അപകടത്തിന് ആക്കംകൂട്ടി. ജെസിബി ഉപയോഗിച്ചാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്.
ദേവികുളം സബ്കളക്ടറുടെ സ്റ്റോപ്പ് മെമ്മോ ലംഘിച്ച് നടന്ന നിർമ്മാണത്തിനിടെയാണ് അപകടമുണ്ടായത്. വീട് നിർമ്മിക്കാനുള്ള അനുമതി ഉപയോഗിച്ചാണ് ആദ്യം റിസോർട്ട് നിർമ്മാണം ആരംഭിച്ചത്. ഇതിനിടെ റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മോ നൽകിയെങ്കിലും ഇത് ലംഘിച്ച് വീണ്ടും നിർമ്മാണം തുടർന്നു. ഇതോടെ ദേവികുളം സബ്കളക്ടർ വി.എം. ആര്യ നേരിട്ടെത്തി സ്റ്റോപ്പ് മെമ്മോ നൽകി. ഇതും ലംഘിച്ച് നിർമ്മാണം പുരോഗമിക്കുന്നതിനിടെയാണ് ഇന്നലെ ദുരന്തമുണ്ടായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |