തിരുവനന്തപുരം: രാജ്യത്ത് ഏറ്റവുമധികം ശക്തമായ സുരക്ഷയുള്ളത് പ്രധാനമന്ത്രി നരേന്ദ്രമോദിക്കാണ്. എസ്.പി.ജിയുടെ (സ്പെഷ്യൽ പ്രൊട്ടക്ഷൻ ഫോഴ്സ്) മൂവായിരത്തോളം അംഗങ്ങളാണ് സുരക്ഷയൊരുക്കുന്നത്. എസ്.പി.ജിയുടെ തലവൻ കേരളാ കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥനായ അരുൺകുമാർ സിൻഹയാണ്. എസ്.പി.ജിക്കായി 600കോടിയാണ് കേന്ദ്രബഡ്ജറ്റിലെ വിഹിതം.
എസ്.പി.ജി. നിർദേശിക്കുന്ന സുരക്ഷാ ക്രമീകരണങ്ങൾ, നിർദേശങ്ങൾ എന്നിവ നടപ്പാക്കാനുള്ള ചുമതല അതത് സംസ്ഥാനത്തെ ആഭ്യന്തരവകുപ്പിനാണ്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം തയ്യറാക്കിയ ബ്ലൂ ബുക്ക് പ്രകാരമാണ് സുരക്ഷയൊരുക്കുന്നത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മൂന്നു ദിവസം മുൻപ് യാത്രയുടെ സമ്പൂർണ വിവരങ്ങൾ തയ്യാറാക്കിയിരിക്കണം. ബ്ലൂ ബുക്ക് മാനദണ്ഡപ്രകാരം 50 പ്ലാറ്റൂൺ പൊലീസിനെയും 200 ഓഫീസർമാരെയുമാണ് നിയോഗിക്കേണ്ടത്. എസ്.പി.ജിയുടെ നിർദ്ദേശപ്രകാരമായിരിക്കണം സുരക്ഷാവിന്യാസം. ഇതിൽ സംസ്ഥാനങ്ങൾക്ക് മാറ്റംവരുത്താനാവില്ല.
പ്രധാനമന്ത്രി സഞ്ചരിക്കുന്ന വാഹനവ്യൂഹം ഏതൊക്കെ റൂട്ടിൽ പോകണം, ഏതൊക്കെ റൂട്ട് സുരക്ഷിതമാണ് എന്ന് പരിശോധന നടത്തുന്നതിന്റെ ഉത്തരവാദിത്വം എസ്.പി.ജി.ക്കാണ്. ഒന്നിലേറെ യാത്രാമാർഗങ്ങൾ അതത് സംസ്ഥാനത്തെ ആഭ്യന്തരവകുപ്പുകളുമായി ആലോചിച്ച് എസ്.പി.ജി. തയ്യാറാക്കും. വാഹനവ്യൂഹത്തിന്റെ പൈലറ്റ് വാഹനങ്ങൾ സജ്ജമാക്കേണ്ടത് പൊലീസാണ്. ജില്ലാഭരണകൂടത്തിനും ഈ ഏകോപനത്തിൽ പങ്കുണ്ട്.
കേരളത്തിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ സുരക്ഷാ പാളിച്ചയുണ്ടായിട്ടുണ്ട്. പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗിന്റെ കേരള സന്ദർശനത്തിനിടെ തിരുവനന്തപുരത്ത് വച്ച് 2006ൽ അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിലേക്ക് പുറമേ നിന്നുള്ള വാഹനം കടന്നു കയറിയിരുന്നു.
എസ്.പി.ജി വന്നത് 1985ൽ
മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വധത്തെത്തുടർന്നാണ് 1985 ൽ എസ്.പി.ജി സുരക്ഷ നിലവിൽ വന്നത്. 1989 ൽ അധികാരത്തിലേറിയ വി.പി.സിംഗ് സർക്കാർ രാജീവ് ഗാന്ധിയുടെ എസ്.പി.ജി സുരക്ഷ പിൻവലിച്ചെങ്കിലും 1991ൽ രാജീവ് കൊല്ലപ്പെട്ടതിന് പിന്നാലെ പ്രധാനമന്ത്രിമാർക്കും അടുത്ത കുടുംബാംഗങ്ങൾക്കും 10 വർഷത്തേക്ക് സുരക്ഷ നൽകാനുള്ള വ്യവസ്ഥയുൾപ്പെടുത്തി എസ്.പി.ജി നിയമം ഭേദഗതി ചെയ്തിരുന്നു. അടുത്തിടെ എസ്.പി.ജി സുരക്ഷ പ്രധാനമന്ത്രിക്ക് മാത്രമായി ചുരുക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |