കേരളകൗമുദി വാർത്ത തുണയായി
തിരുവനന്തപുരം: 2023, 24 വർഷങ്ങളിൽ തസ്തിക നഷ്ടമായ കായികാദ്ധ്യാപകരെക്കൂടി ഉൾപ്പെടുത്തി കായികാദ്ധ്യാപക സംരക്ഷണ ഉത്തരവ് സർക്കാർ പുന:സ്ഥാപിച്ചു. തസ്തികനഷ്ടത്തെ തുടർന്ന് പുറത്തായ കായികാദ്ധ്യാപകർക്കായി നടപ്പാക്കിയ 1: 300 സംരക്ഷണ ഉത്തരവിന് മുൻകാലപ്രാബല്യം നൽകണമെന്നാവശ്യപ്പെട്ട് ഒക്ടോബർ എട്ടിന് കേരള കൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
യു.പിയിൽ 500 കുട്ടികളുണ്ടെങ്കിലേ കായികാദ്ധ്യാപക തസ്തിക അനുവദിച്ചിരുന്നുള്ളൂ. 2017ൽ സി.രവീന്ദ്രനാഥ് മന്ത്രിയായിരിക്കെ കായികാദ്ധ്യാപക സമരത്തെത്തുടർന്ന് യു.പിയിൽ 1:300 ആക്കി കായികാദ്ധ്യാപകരെ സംരക്ഷിക്കാൻ ഉത്തരവിട്ടിരുന്നു. എന്നാൽ 2023ൽ ഈ ഉത്തരവ് സർക്കാർ റദ്ദ് ചെയ്തതോടെ പൊതുവിദ്യാലയങ്ങളിലെ പതിനഞ്ചിലേറെ കായികാദ്ധ്യാപകർ സർവീസിൽനിന്നും പുറത്തായി. സംയുക്ത കായികദ്ധ്യാപക സംഘടന മന്ത്രി വി.ശിവൻകുട്ടിയ്ക്ക് നിവേദനം നൽകിയതിനെ തുടർന്നാണ് കഴിഞ്ഞമാസം അനുപാതം വീണ്ടും 1:300 ആക്കി ഉത്തരവിറക്കിയത്. എന്നാൽ 2025–26 അദ്ധ്യയന വർഷത്തെ തസ്തിക നിർണയത്തിന് മാത്രം ബാധകമെന്നാണ് ഉത്തരവിലുണ്ടായിരുന്നത്. ഇതോടെ പുറത്താക്കപ്പെട്ടവരിൽ സിംഹഭാഗത്തിനും സർവീസിൽ തിരിച്ചെത്താനായില്ല.പുതിയ ഉത്തരവോടെ 23-24, 24-25 വർഷത്തിൽ തസ്തിക നഷ്ടമായ അദ്ധ്യാപകർക്കും ആശ്വാസമായി.
ഉത്തരവിന് മുൻകാല പ്രാബല്യം വേണമെന്നാവശ്യപ്പെട്ട് കായികാദ്ധ്യാപകർ സബ്ജില്ലാ തലം മുതലുള്ള സ്കൂൾ കായികമേളകൾ ബഹിഷ്കരിച്ച് വരികയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |