കൊളംബോ: വനിതാ ലോകകപ്പില്‍ തുടര്‍ച്ചയായ നാലാം ജയവുമായ ദക്ഷിണാഫ്രിക്ക സെമിക്കരികെ. ശ്രീലങ്കയ്‌ക്കെതിരെ മഴ കാരണം 20 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ 10 വിക്കറ്റിന്റെ ആധികാരിക ജയമാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 105 റണ്‍സാണ് നേടിയത്. മഴ നിയമ പ്രകാരം ദക്ഷിണാഫ്രിക്കയുടെ ലക്ഷ്യം 125 ആക്കി ഉയര്‍ത്തിയിരുന്നു. 14.5 ഓവറില്‍ ഓപ്പണര്‍മാര്‍ ദക്ഷിണാഫ്രിക്കയെ ജയത്തിലെത്തിച്ചു.
ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ട്ട് 60*(47) തസ്മിന്‍ ബ്രിറ്റ്‌സ് 55*(42) എന്നിവര്‍ അര്‍ദ്ധ സെഞ്ച്വറികള്‍ നേടി പുറത്താകാതെ നിന്നു. അഞ്ച് മത്സരങ്ങളില്‍ നിന്ന് നാല് ജയം സഹിതം എട്ട് പോയിന്റുള്ള ദക്ഷിണ്ഫ്രിക്ക പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. ഒമ്പത് പോയിന്റുമായി ഒന്നാമതുളള ഓസ്‌ട്രേലിയ നേരത്തെ തന്നെ സെമി ഉറപ്പിച്ചു. ഇംഗ്ലണ്ട്, ഇന്ത്യ എന്നിവരാണ് മൂന്ന്, നാല് സ്ഥാനങ്ങളിലുള്ളത്.
ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയ്ക്കായി വിഷ്മി ഗുണരത്‌ന 34(33) ആണ് ടോപ് സ്‌കോറര്‍. മറ്റ് ബാറ്റര്‍മാര്‍ക്ക് ഒന്നു തന്നെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. മൂന്ന് വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ ഒന്‍കുലുലേകോ ലാബയാണ് ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരില്‍ തിളങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |