കൊല്ലം: കെഎസ്‌ആർടിസി ബസിലെ കുപ്പിവെള്ള വിവാദത്തിൽ ഡ്രൈവർക്കെതിരെ ആരോപണവുമായി ഗതാഗത മന്ത്രി കെബി ഗണേശ് കുമാർ. നടപടി നേരിട്ട ഡ്രൈവർക്ക് പിന്നിൽ യുഡിഎഫ് യൂണിയൻ ആണെന്ന് ഗണേശ് കുമാർ ആരോപിച്ചു. മന്ത്രിയുടെ നടപടി ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെയായിരുന്നു പ്രതികരണം.
ഹൈക്കോടതിയിൽ സീനിയർ അഭിഭാഷകയെ വയ്‌ക്കാൻ പണം നൽകിയത് യുഡിഎഫ് ആണെന്നും കെഎസ്‌ആർടിസി നന്നാവരുതെന്നാണ് ഇവരുടെ ആഗ്രഹമെന്നും ഗണേശ് കുമാർ പറഞ്ഞു.
കെഎസ്‌ആർടിസി നശിക്കാൻ ആഗ്രഹിക്കുന്ന യൂണിയന്റെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുന്നുവെന്നും മന്ത്രി പരിഹസിച്ചു. ഡ്രൈവറുടെ സ്ഥലംമാറ്റം റദ്ദാക്കിയ കോടതി ഉത്തരവ് അംഗീകരിക്കുന്നു. എന്നാൽ, വകുപ്പുതല നടപടി സ്വീകരിക്കുന്നതിന് തടസമില്ലെന്നും ഗണേശ് കുമാർ പറഞ്ഞു.
കെഎസ്‌ആർടിസി ബസിൽ പ്ലാസ്റ്റിക് കുപ്പി സൂക്ഷിച്ചതിന് ഡ്രൈവർ ജയ്‌മോൻ ജോസഫിനെ സ്ഥലംമാറ്റിയ ഗതാഗത വകുപ്പിന്റെ നടപടി ഹൈക്കോടതി റദ്ദാക്കിയിരുന്നു. മന്ത്രി കെബി ഗണേശ് കുമാറിന്റെ ഇടപെടലിനെത്തുടർന്നാണ് ജയ്‌മോൻ ജോസഫിനെ സ്ഥലംമാറ്റിയത്. മതിയായ കാരണം ഇല്ലാതെയാണ് സ്ഥലംമാറ്റം എന്ന് നിരീക്ഷിച്ചാണ് ജസ്റ്റിസ് എൻ നഗരേഷിന്റെ നടപടി.
ഹർജിക്കാരനെ പൊൻകുന്നം യൂണിറ്റിൽ തന്നെ ജോലിയിൽ തുടരാൻ അനുവദിക്കണമെന്നും കോടതി നിർദേശം നൽകി. പുതുക്കാട് ഡിപ്പോയിലേക്ക് മാറ്റിയ ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു ഡ്രൈവർ ജയ്‌മോൻ ജോസഫിന്റെ ആവശ്യം. ദീർഘദൂര ബസിന്റെ ഡ്രൈവർ കുടിവെള്ളം കരുതുന്നത് അത്യാവശ്യമാണെന്നും അത് തെറ്റായി കണക്കാക്കാനാവില്ലെന്നും കോടതി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |