കാബൂൾ: പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾ കൊല്ലപ്പെട്ടു. പാക് അതിർത്തിയിലുള്ള കിഴക്കൻ പക്തിക പ്രവിശ്യയിലെ ഷരാനയിലേക്ക് സൗഹൃദ മത്സരം കളിക്കാൻ പോകുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. കബീർ, സിബ്ഗത്തുള്ള, ഹാരൂൺ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവർക്ക് പുറമെ അഞ്ച് പേർ കൂടി ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
പാകിസ്ഥാൻ ഭരണകൂടം നടത്തിയ ഭീരുത്വം നിറഞ്ഞ ആക്രമണമാണിതെന്ന് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (എസിബി) പ്രസ്താവനയിൽ പറഞ്ഞു. ആക്രമണത്തെ തുടർന്ന് അടുത്ത മാസം പാകിസ്ഥാൻ, ശ്രീലങ്ക തുടങ്ങിയ ടീമുകളുമായി നടക്കാനിരുന്ന ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പരയിൽ നിന്ന് അഫ്ഗാനിസ്ഥാൻ പിന്മാറി. കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായാണ് പരമ്പരയിൽ നിന്ന് പിന്മാറുന്നതെന്നും എസിബി എക്സിൽ കുറിച്ചു.
അഫ്ഗാനിസ്ഥാൻ ക്യാപ്ടൻ റാഷിദ് ഖാൻ വ്യോമാക്രമണത്തെ അപലപിക്കുകയും സൗഹൃദ പരമ്പരയിൽ നിന്ന് പിൻമാറാനുള്ള എസിബിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുകയും ചെയ്തു. അഫ്ഗാൻ താരങ്ങളായ മുഹമ്മദ് നബിയും ഫസൽ ഹഖ് ഫാറൂക്കിയും ആക്രമണത്തെ അപലപിച്ചു. ഇന്നലെ അഫ്ഗാനിലെ പക്തിക പ്രവിശ്യയിൽ നിരവധി വ്യോമാക്രമണങ്ങളാണ് പാകിസ്ഥാൻ നടത്തിയതെന്ന് അഫ്ഗാൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പാകിസ്ഥാൻ വെടി നിർത്തൽ കരാർ ലംഘിച്ചുവെന്നാണ് അഫ്ഗാനിസ്ഥാൻ ആരോപിക്കുന്നത്.
പാക് വ്യോമാക്രമണങ്ങൾ രാജ്യത്തെ ഉർഗുൻ ബർമൽ ജില്ലകളിലെ ജനവാസ മേഖലകളെ ലക്ഷ്യമിട്ടതായും ഇത് സാധാരണക്കാർക്കിടയിൽ കാര്യമായ ആൾനാശമുണ്ടാക്കിയതായും അഫ്ഗാനിസ്ഥാനിലെ ടോളോ ന്യൂസ് വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു. ദിവസങ്ങൾ നീണ്ട അതിർത്തി സംഘർഷങ്ങൾക്കൊടുവിൽ ഇരു രാജ്യങ്ങളും തമ്മിൽ 48 മണിക്കൂർ വെടിനിർത്തൽ നിലവിൽ വന്നിരുന്നു ഇതിനിടയിലാണ് കനത്ത വ്യോമാക്രമണങ്ങൾ പാകിസ്ഥാൻ നടത്തിയത്. അതിർത്തിയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും അതിർത്തി കടന്നുള്ള അക്രമം തടയുന്നതിനുമായി ദോഹയിൽ നടക്കുന്ന ചർച്ചകൾ അവസാനിക്കുന്നത് വരെ വെടിനിർത്തൽ നീട്ടണമെന്ന് പാകിസ്ഥാൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |