പെർത്ത് : ഓസ്ട്രേലിയൻ പര്യടനത്തിന് ടീമിനൊപ്പം പെർത്തിലെത്തിയ ഉടൻ സോഷ്യൽ മീഡിയയിൽ വിരാട് കൊഹ്‌ലി കുറിച്ച വാക്കുകൾ വൈറലായി. ഉപേക്ഷിക്കാൻ തീരുമാനിക്കുമ്പോഴാണ് നിങ്ങൾ ശരിക്കും പരാജയപ്പെടുന്നത് എന്നായിരുന്നു കുറിപ്പ്. ഏകദിനത്തിൽ നിന്നുകൂടി വിരാട് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളിക്കളയുന്നതാണ് ഈ പോസ്റ്റ് എന്ന രീതിയിൽ സോഷ്യൽ മീഡിയ ആഘോഷിച്ചു. എന്നാൽ മണിക്കൂറുകൾക്കകം തന്റെ വസ്ത്ര ബ്രാൻഡിന്റെ പ്രൊമോഷണൽ വീഡിയോയുടെ ടീസറിന്റെ ഭാഗമായിരുന്നു ആ പോസ്‌റ്റെന്ന് വിരാട് തന്നെ വ്യക്തമാക്കി.
ഡൽഹി വിമാനത്താവളത്തിൽ നാലുമണിക്കൂറിലേറെ കാത്തിരിക്കേണ്ടവന്നശേഷമാണ് വിരാടും രോഹിതും ക്യാപ്ടൻ ശുഭ്മാൻ ഗില്ലുമടക്കമുള്ള താരങ്ങൾ ഓസ്ട്രേലിയയ്ക്ക് തിരിച്ചത്. പെർത്തിലെത്തിയ താരങ്ങൾ യാത്രാക്ഷീണം കാരണം വിമാനത്താവളത്തിൽ കാത്തിരുന്ന ആരാധകരെ കാണാൻ നിൽക്കാതെ നേരേ ഹോട്ടലിലേക്ക് പോവുകയായിരുന്നു. ഇന്നലെ ഇന്ത്യൻ താരങ്ങൾ പെർത്തിൽ ആദ്യ പരിശീലനത്തിനിറങ്ങി.
മൂന്ന് ഏകദിനങ്ങളുടേയും അഞ്ച് ട്വന്റി-20കളുടേയും പരമ്പരകൾക്കായാണ് ഇന്ത്യ ഓസീസിലെത്തിയത്. ഞായറാഴ്ച പെർത്തിലാണ് ആദ്യ ഏകദിനം. വിരാടും രോഹിതും ഏകദിന പരമ്പരയിൽ മാത്രമാണ് കളിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |