കൊച്ചി: ഫുട്ബാൾ ഇതിഹാസം ലയണൽ മെസിയുടെ അർജന്റീന ടീം കേരളത്തിൽ പന്തു തട്ടുമോ? അവർ എത്തുകയും പന്ത് തട്ടുമെന്നുമായിരുന്നു ബന്ധപ്പെട്ടവർ ഉറപ്പിച്ചു പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ അർജന്റീന ടീം നവംബറിൽ കേരളം സന്ദർശിക്കില്ലെന്ന് അർജന്റീനിയൻ മാദ്ധ്യമം ലാ നാസിയോൺ റിപ്പോർട്ട് ചെയ്യുകയും ഇന്ത്യൻ പര്യടനം നടക്കാൻ സാദ്ധ്യതയില്ലെന്ന് ടീമിനോട് അടുപ്പമുള്ള മാദ്ധ്യമപ്രവർത്തകനായ ഗാസ്റ്റൺ എഡുൾ എക്‌സിൽ പോസ്റ്റിടുകയും ചെയ്തതോടെ വീണ്ടും അനിശ്ചിതത്വം ഉയർന്നു.
അർജന്റീന ദേശീയ ടീമുമായി ബന്ധപ്പെട്ട വിവരങ്ങൾ അധികാരികതയോടെ പങ്കുവെയ്ക്കുന്ന മാദ്ധ്യമപ്രവർത്തകനാണ് ഗാസ്റ്റൺ എഡുൾ. ആവർത്തിച്ചുള്ള കരാർ ലംഘനങ്ങൾ കാരണം കേരളവുമായുള്ള കരാർ പരാജയപ്പെട്ടുവെന്നാണ് അർജന്റീന ടീം വൃത്തങ്ങളെ ഉദ്ധരിച്ച് ലാ നാസിയോണിന്റെ റിപ്പോർട്ട്. പുതിയ തീയതിക്കായി കരാർ പുനഃക്രമീകരിക്കാനാണ് നീക്കം. അടുത്ത വർഷം മാർച്ചിൽ സൗഹൃദ മത്സരം നടത്താനുള്ള സാദ്ധ്യത പരിശോധിച്ചുവരുന്നുവെന്നും ലാ നാസിയോൺ പറയുന്നു.
സൗഹൃദ മത്സരത്തിനുള്ള വേദിയായ കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലെ സൗകര്യങ്ങളടക്കം വിലയിരുത്താൻ എ.എഫ്.എ പ്രതിനിധി ഹെക്ടർ ഡാനിയേൽ കാബ്രേര കഴിഞ്ഞ മാസം കൊച്ചിയിലെത്തിയിരുന്നു. മത്സരം ഷെഡ്യൂൾ പ്രകാരം നടക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തിരുന്നു.
അനന്തപുരിയിലും തൃശൂർ മാജിക്
തിരുവനന്തപുരം: കോഴിക്കോടിന് പിന്നാലെ അനന്തപുരിയിലും തൃശൂരുകാരുടെ മാജിക് പ്രകടനം. സൂപ്പർ ലീഗ് കേരള മൂന്നാം റൗണ്ടിലെ ആദ്യ മത്സരത്തിൽ തൃശൂർ മാജിക് എഫ്സി 1-0ത്തിന് ആതിഥേയരായ തിരുവനന്തപുരം കൊമ്പൻസിനെ തോൽപ്പിച്ചു.
തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യ പകുതിയിൽ നായകൻ
മെയിൽസൺ ആൽവീസ് ആണ് വിജയഗോൾ നേടിയത്. തുടർച്ചയായ രണ്ടാം മത്സരത്തിലും എവെ ഗ്രൗണ്ടിൽ വിജയം നേടിയ തൃശൂർ മൂന്ന് കളികളിൽ നിന്ന് ആറ് പോയന്റുമായി പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് കയറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |