കൊച്ചി: സ്വർണ്ണക്കടത്തുകേസിൽ സംസ്ഥാനസർക്കാരിന് തിരിച്ചടി. കേസുമായി ബന്ധപ്പെട്ട് കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് ( ഇഡി) ഉദ്യോഗസ്ഥർക്കെതിരെ ജുഡീഷ്യൽ കമ്മീഷനെ നിയമിക്കാനുള്ള നടപടി സ്റ്റേചെയ്ത സിംഗിൾ ബെഞ്ച് വിധിക്കെതിരെ സംസ്ഥാന സർക്കാൻ സമർപ്പിച്ച അപ്പീൽ ഡിവിഷൻ ബെഞ്ചും തള്ളി. ഇതോടെ കമ്മീഷൻ നിയമനത്തിനുളള സ്റ്റേ തുടരും. സ്വർണക്കടത്തുകേസ് നിലനിൽക്കുന്ന കാലത്തോളം ഇഡി ഉദ്യോഗസ്ഥർക്കെതിരായ അന്വേഷണം സ്റ്റേചെയ്യണമെന്ന് ഇഡി ആവ്യപ്പെട്ടിരുന്നു.
1952ലെ കമ്മിഷൻ ഒഫ് എൻക്വയറി ആക്ട് പ്രകാരം കേന്ദ്ര ഏജൻസിക്കെതിരെ സംസ്ഥാന സർക്കാരിന് ഇത്തരത്തിലൊരു ജുഡീഷ്യൽ കമ്മീഷനെ നിയമിക്കാൻ അധികാരമില്ലെന്നും അതിനാൽ കമ്മീഷനെ നിയമിച്ച മുഖ്യമന്ത്രിയുടെ നിലപാട് അധികാര ദുർവിനിയോഗമാണെന്നായിരുന്നു ഇഡി വാദിച്ചത്. കമ്മിഷന് നിമയപരമായി സാധുതയില്ലെന്നും കേസ‌് അട്ടിമറിക്കാനുള്ള ശ്രമമാണ് സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും ഇഡി കോടതിയെ അറിയിച്ചു.
എന്നാൽ, കമ്മീഷൻ നിയമനത്തിനെതിരായ ഇഡിയുടെ ഹർജി നിലനിൽക്കില്ലെന്നായിരുന്നു സർക്കാർ കോടതിയിൽ വാദിച്ചത്. ഇത് തള്ളിക്കൊണ്ടാണ് സിംഗിൾ ബെഞ്ച് ഉത്തരവിറക്കിയത്. ഇതിനെതിരെയാണ് സർക്കാർ അപ്പീൽ നൽകിയത്. ആ അപ്പീലാണ് ഇപ്പോൾ ഡിവിഷൻ ബെഞ്ച് തള്ളിയത്. സ്വർണക്കടത്തുകേസിൽ മുഖ്യമന്ത്രി, അന്നത്തെ നിയമസഭാ സ്പീക്കർ തുടങ്ങിയവരെ ഉൾപ്പെടുത്താൻ കേന്ദ്ര ഏജൻസികൾ ഗൂഢാലോചന നടത്തിയോ എന്ന് അന്വേഷിക്കാനാണ് സർക്കാർ കമ്മീഷനെ നിയമിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |