ചങ്ങനാശേരി: സമദൂര നിലപാടിൽ മാറ്റമില്ലെന്ന് എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ. മന്നത്ത് പത്മനാഭന്റെ നിലപാട് തുടരുന്നു. നിലപാടിൽ യാതൊരു മാറ്റവുമില്ലെന്ന് വ്യക്തമായി പറഞ്ഞുകഴിഞ്ഞു. ശബരിമല വിഷയത്തിലെ നിലപാട് മാത്രമാണ് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.
'രാഷ്ട്രീയ നിലപാട് നേരത്തെ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. പ്രതിഷേധങ്ങൾ വന്നോട്ടേ, ഞങ്ങൾ നേരിട്ടോളാം. ഞങ്ങൾ ആരെയും ചർച്ചയ്ക്ക് വിളിച്ചിട്ടില്ല. ഈ നിലപാടിന് യാതൊരു മാറ്റവുമില്ല. അത് വ്യക്തമായി പറഞ്ഞുകഴിഞ്ഞു. എല്ലാവരും അംഗീകരിക്കുകയും ചെയ്തു.'- സുകുമാരൻ നായർ പറഞ്ഞു. എൻ എസ് എസിന് പുതിയ ആസ്ഥാന മന്ദിരം പണിയുമെന്നും കാലത്തിന് അനുസരിച്ചുള്ള മാറ്റങ്ങൾ സ്വീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
ആഗോള അയ്യപ്പ സംഗമത്തിന് പിന്നാലെ ജി സുകുമാരൻ നായർ നടത്തിയ സർക്കാർ അനുകൂല പരാമർശം ഏറെ ചർച്ചയായിരുന്നു. ഈ സർക്കാരിൽ വിശ്വാസമാണെന്ന് തുറന്നുപറഞ്ഞ് ശബരിമല വിഷയത്തിൽ സർക്കാരിനെ പിന്തുണയ്ക്കുകയായിരുന്നു അദ്ദേഹം ചെയ്തത്. അതോടൊപ്പം യു ഡി എഫിനെയും ബി ജെ പിയേയും കടുത്ത ഭാഷയിൽ വിമർശിക്കുകയും ചെയ്‌തിരുന്നു.
ഇതിനുപിന്നാലെ സുകുമാരൻ നായർക്കെതിരെ പല കോണുകളിൽ നിന്നും വിമർശനം ഉയർന്നിരുന്നു. പത്തനംതിട്ടയിൽ അദ്ദേഹത്തിനെതിരെയുള്ള ബാനർ പ്രത്യക്ഷപ്പെട്ടിരുന്നു. സ്വന്തം കുടുംബത്തിനുവേണ്ടി സമുദായത്തെ പിന്നിൽ നിന്ന് കുത്തി, പിണറായിക്ക് പാദസേവ ചെയ്യുന്നുവെന്നുമായിരുന്നു ബാനറിലുണ്ടായിരുന്നത്. ഇന്ന് കോട്ടയം പൂഞ്ഞാറിലും ഇദ്ദേഹത്തിനെതിരെ ഫ്ളക്സ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
സുകുമാരൻ നായരുടെ നിലപാടിൽ പ്രതിഷേധിച്ച് ഇന്നലെ നാലംഗ കുടുംബം എൻ എസ് എസ് അംഗത്വം രാജിവച്ചിരുന്നു. ചങ്ങനാശ്ശേരി പുഴവാതിൽ സ്വദേശി ഗോപകുമാർ സുന്ദരൻ, ഭാര്യ അമ്പിളി, മക്കളായ ആകാശ്, ഗൗരി എന്നിവരാണ് അംഗത്വം രാജിവച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |