
ആലപ്പുഴ: രണ്ടാം ലോകമഹായുദ്ധ കാലത്ത് തിരുവിതാംകൂറിനെ കടുത്ത ഭക്ഷ്യക്ഷാമത്തിൽ നിന്ന് രക്ഷിച്ചത് ഊർജ്ജസ്വലനായൊരു കർഷകന്റെ നിശ്ചയദാർഢ്യമാണ്. മുരിക്കുംമൂട്ടിൽ ഔതച്ചൻ. കായൽ രാജാവ് എന്നു നാട് വിളിച്ച മുരിക്കൻ. പക്ഷേ, അദ്ദേഹത്തിനൊരു സ്മാകരം ഇനിയും സാദ്ധ്യമായില്ല.
പഴയകാല പ്രതാപത്തിന്റെ അവശേഷിപ്പായി കാവാലത്തെ മുരിക്കംമൂട്ടിൽ തറവാട് നിലനിൽക്കുന്നു. മുരിക്കന്റെ പിതാവ് തൊമ്മൻ ലൂക്ക വൈക്കത്തിനടുത്ത് കുലശേഖരമംഗലം കരയിൽ നിന്നാണ് കാവാലത്ത് താമസം തുടങ്ങിയത്. 1900ലായിരുന്നു ജോസഫ് മുരിക്കന്റെ ജനനം. തന്റെ 'എലിയാസ്" എന്ന ബോട്ടിൽ വേമ്പനാട് കായലിലൂടെ സഞ്ചരിച്ചിരുന്ന മുരിക്കൻ കുട്ടനാട്ടുകാർക്ക് പ്രിയപ്പെട്ട അച്ചായനായിരുന്നു.
1940കളിൽ കടുത്ത അരിക്ഷാമമാണ് നേരിട്ടത്. തുടർന്ന് പരമാവധിസ്ഥലത്ത് കൃഷിയിറക്കാൻ ശ്രീചിത്തിര തിരുനാൾ മഹാരാജാവ് ഉത്തരവിട്ടു. ജോസഫ് മുരിക്കൻ വേമ്പനാട് കായലിൽ നിന്ന് മദ്ധ്യതിരുവതാംകൂറിനാവശ്യമുള്ള നെല്ലുത്പാദിപ്പിക്കാമെന്ന് രാജാവിന് ഉറപ്പു നൽകി. കായലിൽ നിന്ന് കുത്തിയെടുക്കുന്ന ഭൂമിക്ക് അഞ്ചു വർഷത്തേക്ക് കരം ഒഴിവാക്കി നൽകാമെന്നായിരുന്നു രാജാവിന്റെ വാഗ്ദാനം.
വേമ്പനാട്ടുകായലിൽ
ചിറകെട്ടി നെൽകൃഷി
മുരിക്കന്റെ മേൽനോട്ടത്തിൽ നൂറുകണക്കിന് തൊഴിലാളികൾ കായൽകുത്താൻ ആരംഭിച്ചു. തെങ്ങു കീറി കായലിന്റെ അടിത്തട്ടിലേക്ക് കുത്തിയിറക്കി. മുളകീറി, തെങ്ങുകൾ തമ്മിൽ ബന്ധിപ്പിച്ചു. വേമ്പനാട്ട് കായലിൽ ഉറപ്പുള്ള വേലിക്കെട്ടുകൾ തീർക്കുകയായിരുന്നു. ഇരുപതടി ഉള്ളിലേക്ക് വീണ്ടും വേലികെട്ടി. രണ്ടു വേലിക്കെട്ടിനിടയ്ക്ക് ചെളിക്കട്ടയും കരിങ്കല്ലും നിറച്ചു ചിറയാക്കി. വലിയൊരു പ്രദേശം ചിറകെട്ടി അടച്ച് വെള്ളം വറ്റിച്ചു. ഭൂമി തെളിഞ്ഞപ്പോൾ മഹാരാജാവ് നേരിട്ടെത്തി നെൽവിത്തെറിഞ്ഞു. നൂറുമേനി വിളവെടുത്തു. റാണി, ചിത്തിര, മാർത്താണ്ഡം കായലുകൾ ജോസഫ് മുരിക്കൻ തിരുവിതാംകൂറിന്റെ നെല്ലറയാക്കിമാക്കി മാറ്റി.
എന്നാൽ, തൊഴിലാളികൾക്ക് അർഹമായ കൂലി നൽകാതെ മുരിക്കൻ ചൂഷണം ചെയ്തെന്ന വിമർശനം അന്ന് ഉയർന്നിരുന്നു.
കുട്ടനാട്ടിലെ വിശാലമായ കായൽപ്പരപ്പ് വകഞ്ഞു മാറ്റി കൃഷി ഭൂമിയാക്കി മാറ്റിയ ജോസഫ് മുരിക്കന് ഉചിതമായ സ്മാരകം കുട്ടനാട്ടിൽ സ്ഥാപിക്കണം
- ബേബി പാറക്കാടൻ, നെൽ നാളികേര കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |