പത്തനംതിട്ട: എസ് എസ് എൽ സി പരീക്ഷയെഴുതാൻ മദ്യലഹരിയിൽ സ്‌കൂളിലെത്തി വിദ്യാർത്ഥി. കോഴഞ്ചേരിയിലെ ഒരു സ്‌കൂളിലാണ് സംഭവം. പരീക്ഷാഹാളിൽ ഇരിക്കുന്ന വിദ്യാർത്ഥിയുടെ പെരുമാറ്റം കണ്ട് അസ്വാഭാവികത തോന്നിയ അദ്ധ്യാപകൻ ബാഗ് പരിശോധിക്കുകയായിരുന്നു. മദ്യക്കുപ്പിയും പതിനായിരം രൂപയും ബാഗിലുണ്ടായിരുന്നു.
തുടർന്ന് വിദ്യാർത്ഥിയെ ക്ലാസിൽ നിന്ന് പുറത്താക്കി. രക്ഷിതാക്കളെത്തി വീട്ടിലേക്ക് കൊണ്ടുപോകുകയും ചെയ്തു. പരീക്ഷ കഴിഞ്ഞ ശേഷം ആഘോഷം നടത്താനായി ശേഖരിച്ച പണമാണ് കുട്ടിയുടെ കൈവശമുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു.
ആഘോഷങ്ങളില്ലാതെ വീട്ടിലേക്ക്
ആഘോഷങ്ങളും അമിത ആഹ്ലാദ പ്രകടനങ്ങളുമില്ലാതെ ഇത്തവണ എസ് എസ് എൽ സി പരീക്ഷ കഴിഞ്ഞ് വിദ്യാർത്ഥികൾ വീട്ടിലേക്ക് മടങ്ങി. അവസാന ദിവസം പൊതുവിദ്യാഭ്യാസ വകുപ്പ് നിയന്ത്രണമേർപ്പെടുത്തിയതോടെ പരീക്ഷ കഴിഞ്ഞ് വേഗത്തിൽ തന്നെ കുട്ടികളെല്ലാം മടങ്ങി. പോകാൻ മടിച്ചവരെ അദ്ധ്യാപകർ പറഞ്ഞ് മനസിലാക്കി വീട്ടിലേക്കയക്കുകയായിരുന്നു.
രക്ഷിതാക്കളിൽ കൂടുതൽ പേരും സ്കൂളിലെത്തിയിരുന്നു. എല്ലാ സ്കൂളുകളിലും പൊലീസിന്റെ ശക്തമായ പട്രോളിംഗുമുണ്ടായിരുന്നു. ബസ് സ്റ്റാൻഡുകളിലും സ്റ്റോപ്പുകളിലും പൊലീസ് പ്രത്യേക പരിശോധന നടത്തി. സ്കൂൾ വിട്ട് വീട്ടിൽ പോകാതെ നിന്ന കുട്ടികളെ പൊലീസ് സ്ഥലം ചോദിച്ചറിഞ്ഞ് ബസിൽ കയറ്റി വിട്ടു. ഉച്ചയോടെ കുട്ടികളെല്ലാം പോയി എന്ന് ഉറപ്പ് വരുത്തിയാണ് പൊലീസ് മടങ്ങിയത്.
വിദ്യാർത്ഥികളുടെ ഇടയിലെ ലഹരിയും അക്രമവാസനകളും സമാധാന ജീവിതത്തിന് ഭീഷണിയായ സാഹചര്യത്തിലാണ് കർശനനിയന്ത്രണം ഏർപ്പെടുത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |