ജയ്പൂർ: വാടക വീട്ടിലെ ടെറസിൽ നീല ഡ്രമ്മിനുള്ളിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഭാര്യയും കാമുകനും അറസ്റ്റിൽ. രാജസ്ഥാനിലെ ഖൈർതാൽ തിജാരയിലാണ് സംഭവം. ഉത്തർപ്രദേശ് സ്വദേശി ഹൻസ്റാമിന്‍റെ മൃതദേഹമാണ് ഡ്രമ്മിനുള്ളിൽ നിന്ന് കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് മരിച്ചയാളുടെ ഭാര്യ സുനിതയും വീട്ടുടമസ്ഥന്റെ മകൻ ജിതേന്ദ്രയും ശനിയാഴ്ച മുതൽ മൂന്ന് കുട്ടികളുമായി ഒളിവിൽ കഴിയുകയായിരുന്നു. എന്നാൽ ഇരുവരെയും തിങ്കളാഴ്ച പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കഴുത്തിൽ മൂർച്ചയുള്ള ആയുധം കൊണ്ട് മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം. ടെറസിൽ നിന്ന് ദുർഗന്ധം വമിച്ചതിനെത്തുടർന്ന് അയൽവാസി നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം ഡ്രമ്മിൽ കണ്ടെത്തിയത്. ഉപ്പുകൊണ്ട് നിറച്ച നിലയിലായിരുന്നു ഡ്രം കാണപ്പെട്ടത്. മൃതദേഹം വേഗത്തിൽ അഴുകുന്നതിനാണ് ഉപ്പ് പുരട്ടിയതെന്ന് പൊലീസ് പറയുന്നു.
ഒരു ഇഷ്ടിക ചൂളയിൽ ജോലി ചെയ്തിരുന്ന ഹൻസ്റാം കഴിഞ്ഞ രണ്ട് മാസമായി ഈ വാടക വീട്ടിലായിരുന്നു മൂന്ന് കുട്ടികൾക്കുമൊപ്പം താമസിച്ചിരുന്നത്. ശനിയാഴ്ച മുതൽ ഇയാളുടെ കുടുംബത്തെ കാണാനില്ലെന്നാണ് വീട്ടുടമയുടെ മകൻ പൊലീസിനു നൽകിയ വിവരം. തുടർന്ന് നടത്തിയ പരിശോധനയിലാണ് വീട്ടുടമയുടെ മകൻ ജിതേന്ദ്രയെയും കൊല്ലപ്പെട്ട ഹൻസ്റാമിന്റെ ഭാര്യ സുനിതയെയും പൊലീസ് അറസ്റ്റു ചെയ്തത്.
ഹൻസ്റാം മദ്യത്തിന് അടിമയായിരുന്നുവെന്നും ജിതേന്ദ്രയോടൊപ്പം പലപ്പോഴും മദ്യപിച്ചിരുന്നതായും പൊലീസ് പറഞ്ഞു. 12 വർഷം മുമ്പാണ് ജിതേന്ദ്രയുടെ ഭാര്യ മരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |