വാഷിംഗ്ടൺ: ഫ്ലോറിഡയിൽ നിയമവിരുദ്ധമായി യൂടേൺ എടുക്കാൻ ശ്രമിക്കുന്നതിനിടെ മൂന്ന് പേരുടെ മരണത്തിന് ഇടയാക്കി ഇന്ത്യൻ ട്രക്ക് ഡ്രൈവർ അനധികൃതമായി കുടിയേറിയതെന്ന് റിപ്പോർട്ട്. യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. ഇത് സംബന്ധിച്ച് ട്രംപ് ഭരണകൂടവും കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസോമിന്റെ ഓഫീസും തമ്മിൽ പുതിയൊരു തർക്കം പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്.
ഹർജീന്ദർ സിംഗ് എങ്ങനെയാണ് യുഎസിലേക്ക് അനധികൃതമായി കുടിയേറിയതെന്നും വാണിജ്യ ഡ്രൈവിംഗ് ലൈസന്‍സ് നേടിയതെന്നുമാണ് ട്രംപ് ഭരണകൂടം ഉന്നയിക്കുന്ന ചോദ്യങ്ങൾ. കാലിഫോർണിയ മോട്ടോർ വാഹന വകുപ്പാണ് ഹർജീന്ദർ സിംഗിന് ലൈസൻസ് നൽകിയത്. പൊതുജന സുരക്ഷയെക്കുറിച്ച് ആഭ്യന്തര സുരക്ഷാ വകുപ്പ് ആശങ്ക പ്രകടിപ്പിച്ചു. ഇനിയും എത്ര പേർക്ക് ജീവൻ നഷ്ടപ്പെടുമെന്ന് അവർ ഒദ്യോഗിക എക്സ് പേജിലൂടെ ചോദ്യം ചെയ്തു.
അതേസമയം,2018-ൽ ഡൊണാൾഡ് ട്രംപ് പ്രസിഡന്റായിരുന്ന സമയത്താണ് ഹർജീന്ദർ സിംഗ് യുഎസിൽ പ്രവേശിച്ചതെന്ന് കാലിഫോർണിയ ഗവർണറുടെ ഓഫീസ് വ്യക്തമാക്കി. രാജ്യത്ത് രേഖകളില്ലാതെ താമസിക്കുന്നവർക്ക് വാണിജ്യ ലൈസൻസുകൾ നൽകിയിട്ടില്ലെന്നും ട്രംപ് ഭരണകൂടത്തോട് ഗവർണറുടെ ഓഫീസ് അറിയിച്ചു.
2018ലാണ് ഹർജീന്ദർ സിംഗ് നിയമവിരുദ്ധമായി യുഎസിൽ പ്രവേശിച്ചത്. ട്രംപ് ഭരണകാലത്താണ് ഇയാൾക്ക് ആദ്യം വർക്ക് പെർമിറ്റ് നിഷേധിച്ചത്. എന്നാൽ പിന്നീട് ബൈഡൻ ഭരണകൂടം 2021 ജൂണിൽ അദ്ദേഹത്തിന്റെ വർക്ക് പെർമിറ്റ് അംഗീകരിക്കുകയായിരുന്നു. അതിനുശേഷമാണ് കാലിഫോർണിയയിൽ വച്ച് വാണിജ്യ ലൈസൻസ് നേടുന്നതെന്ന് ആഭ്യന്തര സുരക്ഷാ വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |