കാസർകോട്:പള്ളിക്കമ്മിറ്റി വിളിച്ചതനുസരിച്ച് ഖബർസ്ഥാനിലെ മണ്ണുമാറ്റിയതിന്റെ പേരിൽ റവന്യുവകുപ്പ് കണ്ടുകെട്ടിയ ജെ.സി.ബി ഒടുവിൽ ഉടമയ്ക്ക് തിരിച്ചുകിട്ടി.
പിഴത്തുകയായ 44.85 ലക്ഷം ബോണ്ടായി കെട്ടിവച്ചും രണ്ട് ആൾജാമ്യത്തിലും വാഹനം വിട്ടുകൊടുക്കാൻ ഹൈക്കോടതി ഉത്തരവായതാണ് വഴിത്തിരിവായത്. ആരെങ്കിലും ഉണ്ടോയെന്ന് കോടതി ആരാഞ്ഞപ്പോൾ തങ്കരാജ് തന്റെ നിസഹായാവസ്ഥ വെളിപ്പെടുത്തി. പിന്നാലെ, ഗണേഷ് മുക്കിലെ നുസ്രത്തുൽ ജുമാ മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് മുത്തലിബിന്റെ മകളും അന്നത്തെ സെക്രട്ടറി മുഷ്താക്കും സ്വന്തം സ്ഥലത്തിന്റെ ആധാരം ഹാജരാക്കി ബോണ്ട് വെക്കാൻ തയ്യാറാവുകയായിരുന്നു. പള്ളി കമ്മിറ്റി മുൻ നിലപാട് മാറ്റിയതും തങ്കരാജിന് സഹായകമായി.
2024 ജൂലായിൽ പിഴ ഒടുക്കാൻ പള്ളിക്കമ്മിറ്റിയോ അതുമായി ബന്ധപ്പെട്ടവരോ അന്ന് തയ്യാറാകാത്തതിനെ തുടർന്നാണ് അധികൃതർ വാഹനം കണ്ടുകെട്ടിയത്.
ഇതേതുടർന്ന് ലക്ഷങ്ങളുടെ കടക്കാരനായി മാറിയ ഉടമ ചെറുവത്തൂർ കൈതക്കാട് വാടക കോർട്ടേഴ്സിൽ താമസിക്കുന്ന തലക്കാട്ട് തങ്കരാജിന്റെ ദുരിതം 2024 നവംബർ 18ന് 'കേരള കൗമുദി' റിപ്പോർട്ട് ചെയ്തിരുന്നു.
പടന്ന കാലിക്കടവിലെ റാസിയ മൻസിലിൽ റാസിയ, ഓരിമുക്കിലെ ഹഫ്സ മൻസിലിൽ യു.കെ. മുഷ്താഖ് എന്നിവരുടെ രണ്ടുവീതം സർവ്വേ നമ്പറുകളിലുള്ള ഭൂമി റവന്യു അധികൃതരുടെ മേൽനോട്ടത്തിൽ കേസ് തീരുന്നത് വരെ കൈമാറ്റം ചെയ്യാൻ പാടില്ലെന്ന് വ്യവസ്ഥ ചെയ്യുന്നതാണ് ബോണ്ട്. ഇതും സത്യവാങ്മൂലങ്ങളും ഹൊസ്ദുർഗ് തഹസിൽദാരുടെ വാല്യൂവേഷൻ റിപ്പോർട്ടും തൃക്കരിപ്പൂർ സബ് രജിസ്ട്രാർ ഓഫീസറുടെ ബാദ്ധ്യത രഹിത സർട്ടിഫിക്കറ്റും ഹാജരാക്കിയതോടെയാണ് ഈ മാസം 13 ന് ജില്ലാ കളക്ടർ കെ.ഇമ്പശേഖരൻ റീലിസ് ഓർഡർ നൽകിയത്.
കോടതിയുടെയും ജില്ലാ കളക്ടറുടെയും ഉത്തരവുകൾ ലഭിച്ച തങ്കരാജ് ഇന്നലെ രാവിലെ ചന്തേര പൊലീസ് സ്റ്റേഷനിൽ എത്തി മെക്കാനിക്കിനെ വരുത്തി അറ്റകുറ്റപ്പണി നടത്തി സ്റ്റാർട്ട് ചെയ്തു. വൈകുന്നേരം നാലര മണിയോടെ ചന്തേര ഇൻസ്‌പെക്ടർ കെ. പ്രശാന്തിന്റെ നിർദ്ദേശ പ്രകാരം താക്കോൽ കൈപ്പറ്റി വാഹനം ഏറ്റുവാങ്ങി. കോടതി കേസ് തീർപ്പാക്കിയിട്ടില്ല.
ആർ.ടി.ഒ കണക്കാക്കിയ 29.90 ലക്ഷം രൂപയും അതിന്റെ ഒന്നര മടങ്ങും ചേർത്ത് 44.85 ലക്ഷം രൂപ കെട്ടിവെക്കാൻ ആയിരുന്നു തങ്കരാജിന് റവന്യൂ അധികൃതർ നോട്ടീസ് നൽകിയിരുന്നത്.
ബാങ്കിന്റെ ജപ്തി നോട്ടീസും
വാഹനം 26 മാസമായി ചന്തേര പൊലീസ് സ്റ്റേഷന് മുന്നിൽ മഴയും വെയിലും കൊണ്ട് തുരുമ്പിച്ചു കിടപ്പായിരുന്നു. കണ്ടുകെട്ടിയ മണ്ണുമാന്തി യന്ത്രം വാങ്ങാൻ എടുത്ത 26 ലക്ഷം തിരിച്ചടക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് ജപ്തി നോട്ടീസ് അയച്ചിരുന്നു. പഞ്ചായത്ത് പ്രതിനിധികൾ ഇടപെട്ട് നടത്തിയ ചർച്ചകളിലെ ധാരണ അനുസരിച്ച് വായ്പ കുടിശ്ശികയിൽ 1.80 ലക്ഷം രൂപ പള്ളിക്കമ്മിറ്റി അടച്ചു. 1.82 ലക്ഷം രൂപ ഇനി കുടിശ്ശികയുണ്ട്. വാഹനം ഏറ്റെടുക്കാൻ സ്റ്റേഷനിൽ എത്തിയപ്പോഴും തങ്കരാജിന് ബാങ്കിൽ നിന്ന് 'കുടിശിക വിളി' വന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |