
കണ്ണൂർ: കണ്ണൂർ മേയർക്ക് അഭിവാദ്യമർപ്പിച്ചപ്പോൾ സിപിഎം നേതാവിന് നാക്കുപിഴ. അഴിമതി ഭരണത്തിന് പിന്തുണയെന്നാണ് മേയർ സ്ഥാനത്തേക്ക് മത്സരിച്ച് തോറ്റ വി കെ പ്രകാശിനി പറഞ്ഞത്. കണ്ണൂരിന്റെ സമഗ്രമായ, നീതിപൂർവമായ, വിവേചനരഹിതമായ അഴിമതി ഭരണം കാഴ്‌ചവയ്‌ക്കുമ്പോൾ എല്ലാവിധ പിന്തുണയും ഞങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാകും എന്നായിരുന്നു പ്രസംഗം. ഇതോടെ മുൻ മേയറും കോൺഗ്രസ് നേതാവുമായ ടി ഒ മോഹനൻ പ്രകാശിനിയെ കാര്യമറിയിച്ചെങ്കിലും അഴിമതി രഹിത ഭരണം എന്നാണ് താൻ പറഞ്ഞതെന്ന് അവർ വിശദീകരിച്ചു.
അഡ്വ. പി ഇന്ദിരയെയാണ് കണ്ണൂർ കോർപ്പറേഷൻ മേയറായി തിരഞ്ഞെടുത്തത്. പയ്യാമ്പലം ഡിവിഷനിൽ നിന്നാണ് ഇന്ദിര വിജയിച്ചത്. മുസ്ലീം ലീഗിലെ കെ പി താഹിറാണ് പി ഇന്ദിരയുടെ പേര് നിർദേശിച്ചത്. റിജിൽ മാക്കുറ്റി പിന്താങ്ങി. ഇന്ദിരയ്‌ക്ക് 36 വോട്ടും എതിർ സ്ഥാനാർത്ഥി സിപിഎമ്മിലെ വി കെ പ്രകാശിനിക്ക് 15 വോട്ടും ബിജെപിയിലെ അര്‍ച്ചന വണ്ടിച്ചാലിന് നാല് വോട്ടുമാണ് ലഭിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഭരണമാറ്റമുണ്ടാകാത്ത കോര്‍പ്പറേഷനാണ് കണ്ണൂര്‍. 56 അംഗ കോര്‍പ്പറേഷനില്‍ 36 സീറ്റുകള്‍ നേടിയാണ് യുഡിഎഫ് ഭരണം നിലനിര്‍ത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |