തിരുവനന്തപുരം: വായനയുടെ കാലം കഴിയുകയല്ല, പകരം വായന കാലത്തിനൊത്ത് മാറുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പി.എൻ.പണിക്കർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ 30 -ാമത് ദേശീയ വായനാ മഹോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ടാഗോർ തിയേറ്ററിൽ നിർവഹിക്കുകയായിരുന്നു.
സാങ്കേതികവിദ്യയുടെ കാലമാണെന്നും പുസ്തകങ്ങളുടെ കാലം കഴിഞ്ഞെന്നുമുള്ള വാദം ശരിയല്ല.
ഡിജിറ്റൽ വായനയും പോഡ്കാസ്റ്റുകളും വായനയുടെ രൂപം മാറ്റിയെങ്കിലും അറിവിന്റെ ഉറവിടം പുസ്തകങ്ങളാണ്. അറിവ് നേടുന്നവന്റെ അകം മാത്രമല്ല പുറവും ജ്വലിക്കുമെന്നാണ് ശ്രീനാരായണഗുരു ആത്മോപദേശക ശതകത്തിൽ പറഞ്ഞത്. അറിവ് നേടുന്നവൻ തന്റെ നാട്ടിൽ മാത്രമല്ല, പുറംനാട്ടിലും ജ്വലിക്കുമെന്നർത്ഥം.
വായനകൊണ്ട് സമൂഹത്തിന് എന്ത് ഗുണമെന്ന ചോദ്യത്തിനുള്ള ഉത്തരം പി.എൻ. പണിക്കർ പറഞ്ഞ
വായിച്ച് വളരുക, ചിന്തിച്ച് വളരുക എന്ന മുദ്രാവാക്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി വി.ശിവൻകുട്ടി അദ്ധ്യക്ഷനായ ചടങ്ങിൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റ് ഡയറക്ടർ കെ.ജയകുമാർ മുഖ്യപ്രഭാഷണം നടത്തി. ടി.കെ.എ നായർ, കുമ്മനം രാജശേഖരൻ, എം.വിജയകുമാർ, പാലോട് രവി, പി.എൻ പണിക്കർ ഫൗണ്ടേഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ ടി.വി. സുഭാഷ്, നാഷണൽ സർവീസ് സ്‌കീം സ്റ്റേറ്റ് ഓഫീസർ അൻസർ ആർ.എൻ തുടങ്ങിയവർ സന്നിഹിതരായി. പി.എൻ പണിക്കർ ഫൗണ്ടേഷൻ വൈസ് ചെയർമാൻ എൻ.ബാലഗോപാൽ സ്വാഗതം പറഞ്ഞു.
പൊതുവിദ്യാഭ്യാസം:
കേരളം രാജ്യത്ത്
മുൻനിരയിൽ
തിരുവനന്തപുരം : രാജ്യത്ത് പൊതുവിദ്യാഭ്യാസരംഗത്തെ മികവ് തെളിയിച്ച ജില്ലകളുടെ പട്ടികയിൽ കേരളത്തിന്റെ 14 ജില്ലകളും ഉൾപ്പെട്ടു. പഠനനിലവാരം, അദ്ധ്യാപകരുടെ അർപ്പണബോധം, ക്ലാസ് മുറികളുടെ വൈവിദ്ധ്യം, മികച്ച അടിസ്ഥാനസൗകര്യങ്ങൾ, സ്കൂൾസുരക്ഷ, ഡിജിറ്റൽ പഠനം ഉൾപ്പെടെ 12 മേഖലകളിൽ കേരളത്തിന്റെ മികവിനുള്ള അംഗീകാരമാണിത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാർട്മെന്റ് ഒഫ് സ്കൂൾ എജ്യുക്കേഷൻ ആൻഡ് ലിറ്ററസിയാണ് 2023-24 വർഷത്തെ ജില്ലാതല ഇൻഡക്സ് തയ്യാറാക്കിയത്.പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെയും വിദ്യാകരണം മിഷന്റെയും വിജയമാണ് നേട്ടത്തിന് പിന്നിലെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |