തിരുവനന്തപുരം: വയോജനങ്ങളുടെ കഴിവുകളെ ഉപയോഗപ്പെടുത്തുന്നതിന് വയോജന സെൻസസ് നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വയോജനങ്ങളും പെൻഷണേഴ്‌സുമായുള്ള മുഖാമുഖം പരിപാടിയിൽ പങ്കെടുത്തവരുടെ നിർദ്ദേശങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി
. വയോജന സർവേക്കായി സോഫ്റ്റ്‌വെയർ തയാറാക്കും. മെഡിസെപ്പ് ആനുകൂല്യങ്ങൾ പെൻഷണേഴ്സിനും ലഭ്യമാക്കും. പരമാവധി ആശുപത്രികളെ എംപാനൽ ചെയ്യും. വയോജനങ്ങൾക്ക് വാക്സിനേഷൻ നൽകി രോഗ പ്രതിരോധം തീർക്കും. അതു നടപ്പാകും വരെ സ്വകാര്യ ആശുപത്രികളുമായി സഹകരിച്ച് കുറഞ്ഞ ചെലവിൽ വാക്സിൻ ലഭ്യമാക്കുന്നത് പരിശോധിക്കും. വയോജനപദ്ധതിയുടെ ആനുകൂല്യങ്ങൾ കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സോഷ്യൽ ഓഡിറ്റ് നടത്തുന്ന കാര്യം പരിഗണിക്കും. കിടപ്പുരോഗികൾക്ക് മസ്റ്ററിംഗിനായി വാതിൽപ്പടി സേവനം ലഭ്യമാക്കും.
വയോജന ട്രിബ്യൂണലിന്റെ പരിഗണനയിൽ വന്ന 8222 കേസുകളിൽ 5614 കേസുകൾ പരിഹരിച്ചു കഴിഞ്ഞു. എല്ലാ പകൽവീടുകളും പ്രവർത്തനനിരതമാക്കും. സ്വയംപ്രഭ പദ്ധതി കൂടുതൽ പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിക്കും. വിവിധ പ്രായത്തിലുള്ളവരെ പ്രത്യേക യൂണിറ്റുകളായി തിരിച്ച് വിവിധ മേഖലകളിൽ ഉപയോഗിക്കും. മെഡിക്കൽ കോളേജിൽ ജെറിയാട്രിക് വകുപ്പ് രൂപീകരിക്കും.. വയോജനങ്ങളുടെ റെയിൽവേ കൺസഷൻ ആനുകൂല്യം പുനസ്ഥാപിക്കുന്നതിന് കേന്ദ്രത്തിന് കത്തു നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |