കോതമംഗലം: കപട ഭക്തനെ പോലെയാണ് അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിച്ചതെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. അയ്യപ്പസംഗമത്തിന്റെ ബോർഡുകളിൽ അയ്യപ്പനില്ല, പിണറായി വിജയനും വാസവനും മാത്രമെയുള്ളൂ. പിണറായി ഭരണകൂടം എന്താണ് ശബരിമലയിൽ ചെയ്തതെന്ന് അയ്യപ്പഭക്തർക്കും വിശ്വാസികൾക്കും നല്ല ഓർമ്മയുണ്ട്. അതൊന്ന് ഓർമ്മപ്പെടുത്താൻ അയ്യപ്പ സംഗമം സഹായിച്ചു. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള കപടഭക്തിയാണ് അയ്യപ്പ സംഗമമെന്ന് ഒന്നു കൂടി തെളിഞ്ഞിരിക്കുകയാണെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.
'തദ്ദേശ നിയമസഭ തിരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ടുകൊണ്ട് പിണറായി വിജയന് യോജിക്കാത്ത ഭക്തിയുടെ പരിവേഷം അണിഞ്ഞു കൊണ്ടാണ് അദ്ദേഹം സംസാരിച്ചത്. ശബരിമലയിൽ അദ്ദേഹത്തിന്റെ കാലത്ത് ആചാരലംഘനത്തിന് കൂട്ടുനിന്ന് പൊലീസിനെ ഉപയോഗിച്ച് നടത്തിയ ക്രൂരകൃത്യങ്ങൾ മറച്ചുപിടിച്ചു കൊണ്ട് അയ്യപ്പ സംഗമത്തിൽ പ്രസംഗിച്ചത്. ഇപ്പോൾ ഭക്തിയുടെ പരിവേഷമായി പിണറായി വിജയൻ മാറിയിരിക്കുകയാണ്.
ഒൻപതര കൊല്ലം ശബരിമലയിൽ ഒരു വികസന പ്രവർത്തനങ്ങളും നടത്താത്ത സർക്കാരാണ് മാസ്റ്റർ പ്ലാനുമായി ജനങ്ങളെ കബളിപ്പിക്കാൻ ഇറങ്ങിയിരിക്കുന്നത്. യു.ഡി.എഫ് ഉയർത്തിയ ചോദ്യങ്ങൾക്കൊന്നും മറുപടിയില്ല. സുപ്രീംകോടതിയിലെ സത്യവാങ്മൂലം പിൻവലിക്കുമോ? കേസുകൾ പിൻവലിക്കുമോ? എന്തിനാണ് തിരഞ്ഞെടുപ്പിന്റെ സായാഹ്നത്തിൽ മാസ്റ്റർ പ്ലാനുമായി ഇറങ്ങിയിരിക്കുന്നത്? ഭക്തജനങ്ങളെ കബളിപ്പിക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. പിണറായി ഭരണകൂടം എന്താണ് ശബരിമലയിൽ ചെയ്തതെന്ന് അയ്യപ്പഭക്തർക്കും വിശ്വാസികൾക്കും നല്ല ഓർമ്മയുണ്ട്. അതൊന്ന് ഓർമ്മപ്പെടുത്താൻ അയ്യപ്പ സംഗമം സഹായിച്ചത്. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള കപട ഭക്തിയാണെന്ന് ഒന്നു കൂടി തെളിഞ്ഞിരിക്കുകയാണ്.
വർഗീയവാദികൾക്ക് ഇടമുണ്ടാക്കിക്കൊടുക്കാനാണ് യോഗി ആദിത്യനാഥിന്റെ പ്രസ്താവന അയ്യപ്പ സംഗമത്തിൽ വായിച്ചത്. തിരഞ്ഞെടുപ്പിന് വേണ്ടി നടത്തുന്ന രാഷ്ട്രീയത്തിന്റെ വേറൊരു രൂപമാണ്. എന്നിട്ടാണ് മറ്റുള്ളവരുടെ ഭക്തിയെ മുഖ്യമന്ത്രി കളിയാക്കുന്നത്. ഞങ്ങളുടെ ഭക്തിയെ കുറിച്ചോ വിശ്വാസത്തെ കുറിച്ചോ പിണറായി വിജയനെ ബോധ്യപ്പെടുത്തേണ്ട കാര്യമില്ല. ഭക്തിയും വിശ്വാസവും സ്വകാര്യമായ കാര്യങ്ങളാണ്.
തിരഞ്ഞെടുപ്പിന് തൊട്ടുമുൻപല്ലേ ഭക്തരുടെ അഭിപ്രായങ്ങൾ കേൾക്കണമെന്നു തോന്നിയത്. ഒൻപതര കൊല്ലമായി ഇതൊന്നും തോന്നിയില്ലല്ലോ. കഴിഞ്ഞ സർക്കാർ 112 ഹെക്ടർ സ്ഥലം ഏറ്റെടുത്തിട്ടും ഒൻപത വർഷമായി ഒന്നും ചെയ്തില്ല. ശബരിമലയിലേക്ക് നൽകേണ്ട 82 ലക്ഷം രൂപ പോലും മൂന്നു വർഷമായി കൊടുക്കാത്ത സർക്കാരാണിത്. ഈ സർക്കാർ ശബരിമലയിൽ ഒരു വികസന പ്രവർത്തനവും നടത്തിയിട്ടില്ല. ശബരിമലയിലെ സാനിട്ടേഷൻ സൊസൈറ്റിക്കും സർക്കാർ നൽകേണ്ട 50 ശതമാനം തുക നൽകിയിട്ടില്ല. അയ്യപ്പസംഗമത്തിന്റെ ബോർഡുകളിൽ അയ്യപ്പനില്ല, പിണറായി വിജയനും വാസവനും മാത്രമേയുള്ളൂ. അയ്യപ്പ സംഗമം ദേവസ്വം ബോർഡാണ് നടത്തുന്നതെന്ന് പറഞ്ഞിട്ടും ദേവസ്വം ബോർഡ് പ്രസിഡന്റിന് നൽകിയിരിക്കുന്നത് ഫുഡ് കമ്മിറ്റിയുടെ ചുമതലയാണ്. ഭക്തരെ പരിഹസിക്കാൻ നടത്തുന്ന ഈ കാപട്യം ജനം തിരിച്ചറിയും'- വിഡി സതീശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |