കൊച്ചി: റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരൺദാസ് മുരളിയിൽ നിന്ന് പിടിച്ചെടുത്ത പുലിപ്പല്ല് വിശദപരിശോധനയ്‌ക്കായി കൊൽക്കത്ത സുവോളജിക്കൽ സർവേ ഒഫ് ഇന്ത്യയ്‌ക്ക് കൈമാറും. സൂക്ഷ്മ ഡി.എൻ.എ പരിശോധന അനിവാര്യമെന്ന വിലയിരുത്തലിനെ തുടർന്നാണിത്. കോടനാട് ഫോറസ്റ്റ് റേഞ്ചർ ഇതുസംബന്ധിച്ച റിപ്പോർട്ട് പെരുമ്പാവൂർ കോടതിയിൽ സമർപ്പിച്ചു. ഹൈദരാബാദിലെ ലാബിൽ പരിശോധന നടത്താനായിരുന്നു നേരത്തെ തീരുമാനം.
കഞ്ചാവ് കൈവശംവച്ച കേസിൽ ഏപ്രിൽ 28ന് തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ് വേടനെയും സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്തിരുന്നു. കേസിൽ ജാമ്യംനേടി സ്റ്റേഷൻ വിടുംമുമ്പാണ് പുലിപ്പല്ല് കൈവശം വച്ച കുറ്റത്തിന് വനംവകുപ്പ് അറസ്റ്റ് ചെയ്തത്. ചെന്നൈയിലെ സംഗീതനിശയ്‌ക്കുശേഷം ശ്രീലങ്കൻ വംശജനായ രഞ്ജിത്ത് കുമ്പിടെയെന്നയാളും രണ്ടു സുഹൃത്തുക്കളുമെത്തി പുലിപ്പല്ല് സമ്മാനിച്ചെന്നാണ് വേടന്റെ മൊഴി.
പുലിപ്പല്ല് കേസിലെ തിടുക്കപ്പെട്ട അറസ്റ്റിൽ വനംവകുപ്പിന് ഏറെ വിമർശനം കേൾക്കേണ്ടിവന്നു. നടപടിയെ വകുപ്പ് മന്ത്രിവരെ പരസ്യമായി കുറ്റപ്പെടുത്തി. ഈ സാഹചര്യലാണ് പുലിപ്പല്ലിൽ വിശദപരിശോധന വേണമെന്ന തീരുമാനത്തിൽ വനംവകുപ്പ് എത്തിയത്. യഥാർത്ഥ പുലിപ്പല്ലാണെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നു. എന്നാൽ, അംഗീകൃത ഏജൻസിയുടെ പരിശോധനാഫലം കേസിൽ അനിവാര്യമാണ്. ഇന്ത്യയിലെ ജന്തുജാലങ്ങളെക്കുറിച്ചുള്ള സർവേ, പര്യവേഷണം, ഗവേഷണം എന്നിവ പ്രോത്സാഹിപ്പിക്കാൻ 1916 ൽ സ്ഥാപിതമായതാണ് സുവോളജിക്കൽ സർവേ ഒഫ് ഇന്ത്യ.
ഒരുമാസം മുമ്പേ
പുലിപ്പല്ലുകെട്ടിയ മാലയാണ് വേടൻ ധരിക്കുന്നതെന്ന് അറസ്റ്റിന് ഒരുമാസം മുമ്പേ വനംവകുപ്പിന് പരാതി ലഭിച്ചിരുന്നു. സെലിബ്രിറ്റിയായതിനാൽ കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടപടിക്ക് തയ്യാറെടുക്കവേയാണ് കഞ്ചാവ് കേസിൽ വേടൻ പിടിയിലായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |