തിരുവനന്തപുരം: നാടിനെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസിലെ പ്രതി അഫാനെ പാങ്ങോട് തെളിവെടുപ്പിനായി എത്തിച്ചു. ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് പൊലീസ് സംഘം എത്തിയത്. മുത്തശ്ശി സൽമാ ബീവിയെ കൊലപ്പെടുത്തിയ വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. കനത്ത സുരക്ഷയാണ് സ്ഥലത്ത് ഒരുക്കിയത്. അഫാൻ ചുറ്റിക വാങ്ങിയ കടയിലെത്തിച്ചും തെളിവെടുപ്പ് നടത്തും.
അതിനിടെ അഭിഭാഷകൻ കെ ഉവൈസ് ഖാൻ അഫാന്റെ വക്കാലത്ത് ഒഴിഞ്ഞു. ആര്യനാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റായ ഉവൈസ് ഖാൻ കേസ് ഏറ്റെടുത്തതിനെതിരെ കെപിസിസിക്ക് പരാതി കിട്ടിയിരുന്നു. കേസിൽ ഹാജരാകുന്നതിൽ നിന്ന് ഉവൈസിനെ വിലക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് തിരുവനന്തപുരം വൈസ് പ്രസിഡന്റ് സൈതലിയാണ് പരാതി നൽകിയത്. ഉവൈസിന്റെ നടപടി കോൺഗ്രസിന് അവമതിപ്പുണ്ടാക്കിയെന്ന് കാണിച്ചാണ് കെപിസിസി പ്രസിഡന്റിന് പരാതി നൽകിയത്.
നെടുമങ്ങാട് കോടതിയിലെ ബാർ അസോസിയേഷന്റെ പ്രസിഡന്റ് കൂടിയാണ് ഉവൈസ് ഖാൻ. അഫാനുവേണ്ടി വാദിക്കാൻ അഭിഭാഷകനില്ലാത്തതിനാൽ ജില്ലാ ജഡ്ജി ചെയർമാനായ ലീഗൽ സർവീസ് അതോറിറ്റി നിർദ്ദേശിച്ചതനുസരിച്ചാണ് ഹാജരായതെന്നായിരുന്നു വിശദീകരണം. അഭിഭാഷകരില്ലാത്തവർക്ക് ലീഗൽ സർവീസ് അതോറിറ്റി തന്നെ അഭിഭാഷകരെ നൽകാറുണ്ട്.
സൽമാ ബീവിയുടെ കൊലപാതക കേസിൽ ഇന്നലെയാണ് പ്രതിയെ പാങ്ങോട് പൊലീസ് മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങിയത്. പൂജപ്പുര സെൻട്രൽ ജയിലിലായിരുന്ന പ്രതിയെ കസ്റ്റഡി അപേക്ഷയെ തുടർന്ന് ഇന്നലെ രാവിലെ 11 മണിയോടെ നെടുമങ്ങാട് കോടതിയിൽ എത്തിച്ചിരുന്നു.കോടതി നടപടികൾക്കുശേഷം 12 മണിയോടെ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി പാങ്ങോട് പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. ആറ്റിങ്ങൽ ഡി വൈ എസ് പിയുടെ നേതൃത്വത്തിൽ രാത്രി വൈകിയും ചോദ്യം ചെയ്‌തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |