തിരുവനന്തപുരം: ആറ്റുകാൽ ഭഗവതി ക്ഷേത്ര നടയിൽ ഇന്ന് മേള പ്രമാണിയായി നടൻ ജയറാം കൊട്ടിക്കയറും. ചെണ്ട, കൊമ്പ്, കുഴൽ, ചേങ്ങില... എന്നിവയിലായി നൂറു കലാകാരന്മാരുടെ അധിപനായാണ് ജയറാം എത്തുന്നത്.
ആറ്റുകാൽ ക്ഷേത്ര നടയിൽ പഞ്ചാരിമേളം അവതരിപ്പിക്കാൻ അവസരം ലഭിക്കുന്നത് മഹാഭാഗ്യമാണെന്ന് ജയറാം പറഞ്ഞു. 'എത്രയോ വർഷം ഞാനിവിടെ വന്നിട്ടുണ്ട്. പൊങ്കാല മഹോത്സവം കണ്ടിട്ടുണ്ട്. സ്ത്രീകളുടെ ആത്മസമർപ്പണം കണ്ട് അദ്ഭുതപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ ഞാനിവിടെ അമ്മയുടെ മുന്നിൽ പഞ്ചാരി മേളം അവതരിപ്പിക്കാൻ പോകുന്നു"- ജയറാം കേരളകൗമുദിയോടു പറഞ്ഞു.
'ലോക പ്രസിദ്ധമാണ് ആറ്റുകാൽ പൊങ്കാല. ഇത്രമേൽ ചിട്ടയോടു കൂടി നടക്കുന്ന സ്ത്രീകളുടെ ആഘോഷം. അത് പറഞ്ഞറിയിക്കാൻ പറ്റുന്നതിലും അപ്പുറമാണ്. തൃശൂർ പൂരം കണ്ടറിയണം, കൊണ്ടറിയണം എന്നു പറയുന്നതുപോലെയാണ് ആറ്റുകാൽ പൊങ്കാലയും.
നമ്മുടെ സർക്കാരും ജനങ്ങളും തിരുവനന്തപുരത്തെ ഓരോ വീട്ടുകാരും സന്നദ്ധ സംഘടനാ പ്രവർത്തകരുമെല്ലാം ഒരേ മനസോടെ ഒത്തു ചേരുന്ന മഹാസംഭവമാണ് ആറ്റുകാൽ പൊങ്കാല. മറ്റ് ക്ഷേത്രങ്ങളിലെ രീതിയിലല്ല, ആറ്റുകാലിൽ പഞ്ചാരിമേളം അവതരിപ്പിക്കുന്നത്.
സാധാരണ ക്ഷേത്രങ്ങളിൽ നാലുകാലം കൊട്ടി അഞ്ചാം കാലത്തിൽ ക്ഷേത്രത്തിനു വലം വച്ച് ചെമ്പട കൊട്ടി കലാശം കൊട്ടി തീരുന്ന മേളമാണ് അവതരിപ്പിക്കുക. ഇവിടെ ക്ഷേത്രമുറ്റത്ത് നിന്നു കൊണ്ട് മേളമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |