
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായ പുനർജനി കേസിൽ സിബിഐ അന്വേഷണത്തിന് വിജിലൻസ് ശുപാർശ. വിജിലൻസിന്റെ ശുപാർശ അടങ്ങിയ റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന് കെെമാറിയിട്ടുണ്ട്. പുനർജനി പദ്ധതിയുടെ പേരിൽ വിദേശത്ത് നിന്നും ഫണ്ട് പിരിച്ചതിലെ ക്രമക്കേട് സിബിഐ അന്വേഷിക്കണമെന്നാണ് വിജിലൻസിന്റെ ശുപാർശ. ഒരു വർഷം മുൻപാണ് മുൻ ഡയറക്ടർ യോഗേഷ് ഗുപ്ത ശുപാർശ ചെയ്തത്.
എഫ്സിആർഎ നിയമത്തിന്റെ ലംഘനവും സ്വകാര്യ സന്ദർശനത്തിനായി കേന്ദ്ര സർക്കാരിൽ നിന്ന് അനുമതി നേടിയ ശേഷം വിദേശത്ത് പോയി ഫണ്ട് സ്വരൂപിച്ചതും അത് കേരളത്തിലെ അക്കൗണ്ടിലേക്ക് എത്തിച്ചതിലെ നിയമലംഘനവും ചൂണ്ടിക്കാട്ടിയാണ് സിബിഐ അന്വേഷണത്തിന്റെ ആവശ്യകതയിലേക്ക് വിജിലൻസ് ശുപാർശ ചെയ്തിരിക്കുന്നത്.
എഫ്സിആർഎ നിയമം, 2010ലെ സെക്ഷൻ 3 (2) (എ) പ്രകാരം സിബിഐ അന്വേഷണം നടത്തണമെന്നാണ് പറയുന്നത്. അതോടൊപ്പം കേരള നിയമസഭയുടെ റൂൾ ഓഫ് പ്രൊസീജിയേഴ്സിലെ അനുബന്ധം രണ്ടിലെ റൂൾ 41 പ്രകാരം നിയമസഭാ സാമാജികർ എന്ന തരത്തിൽ നടത്തിയ നിയമലംഘനത്തിന് സ്പീക്കർ നടപടി സ്വീകരിക്കണമെന്നും വിജിലൻസ് ശുപാർശ ചെയ്തിട്ടുണ്ട്.
2020ലാണ് കാതിക്കുടം ആക്‌ഷൻ കൗൺസിൽ ഇ ഡിക്കും വിജിലൻസിനുമടക്കം പുനർജനി പദ്ധതി സംബന്ധിച്ച് പരാതി നൽകിയത്. 2018ലെ പ്രളയത്തിന് ശേഷം പറവൂർ മണ്ഡലത്തിലെ ഭവന നിർമ്മാണത്തിനും ജീവനോപാധികൾ നൽകാനും പ്രഖ്യാപിച്ച പുനർജനിക്കുവേണ്ടി വിഡി സതീശൻ വിദേശത്തുനിന്നടക്കം പണം പിരിച്ചെന്നും അതിന്റെ വിനിയോഗത്തിൽ അഴിമതി നടന്നെന്നുമാണ് ആക്ഷേപം.
മണപ്പാട്ട് ഫൗണ്ടേഷൻ എന്ന പേരിൽ പുനർജനി പദ്ധതിക്കായി ഫൗണ്ടേഷൻ രൂപീകരിച്ചാണ് വിദേശത്ത് നിന്ന് പണം സ്വീകരിച്ചത്. യുകെയൽ നിന്നും 22500 പൗണ്ട് (19,95,880.44 രൂപ) വിവിധ വ്യക്തികളിൽ നിന്നും സമാഹരിച്ച് മണപ്പാട്ട് ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്ക് അയച്ചതായാണ് വിജിലൻസ് കണ്ടെത്തൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |