
തിരുവനന്തപുരം: പ്രളയക്കെടുതിക്കിരയായവർക്ക് വീടുവച്ചുനൽകാൻ പ്രതിപക്ഷ നേതാവ് ആവിഷ്കരിച്ച പുനർജനി പദ്ധതി ആയുധമാക്കി പ്രതിപക്ഷത്തെ പ്രഹരിക്കാൻ സർക്കാർ നീക്കം. ഒരു വർഷം മുമ്പ് വിജിലൻസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടാനാണ് സർക്കാർ ശ്രമം. അതേസമയം, വി.ഡി.സതീശനെതിരെയുള്ള അന്വേഷണം നിലനിൽക്കില്ലെന്ന വിജിലൻസ് റിപ്പോർട്ടും പുറത്തുവന്നു.
തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഉമ്മൻചാണ്ടിയെ സോളാർ കേസിൽ കുടുക്കിയതിനു സമാനമായ രാഷ്ട്രീയ നീക്കമാണിതെന്ന ആക്ഷേപവുമായി പ്രതിപക്ഷം രംഗത്തുവന്നു. തിരഞ്ഞെടുപ്പു മുന്നിൽ കണ്ടല്ലേ, ഉമ്മൻചാണ്ടി സർക്കാർ പിണറായിക്കെതിരെയുള്ള ലാവ്‌ലിൻ കേസ് സി.ബി.ഐയ്ക്ക് വിട്ടതെന്ന് നിയമമന്ത്രി പി.രാജീവ് ഓർമ്മിപ്പിച്ചു. ഇതോടെ തിരഞ്ഞെടുപ്പ് വിഷയത്തിന് ചൂടേറി.
നിയമസഭ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയാൻ വയനാട്ടിലെ സുൽത്താൻബത്തേരിയിൽ കോൺഗ്രസിന്റെ ദ്വിദിന ക്യാമ്പ് തുടങ്ങിയ ദിവസമാണ് പുതിയ പോർമുഖം പിണറിയി സർക്കാർ തുറന്നത്. പാർട്ടി നേതാക്കൾ ഒന്നടങ്കം സതീശനു പിന്നിൽ അണിനിരന്നതോടെ, സർക്കാരിന്റെ കണക്കുകൂട്ടൽ പാളിയെന്നാണ് രാഷ്ട്രീയ വിലയിരുത്തൽ. ശബരിമല സ്വർണത്തട്ടിപ്പ് കേസ് ജനശ്രദ്ധയിൽ നിന്ന് മാറ്റാനുള്ള തന്ത്രമെന്നും വിലയിരുത്തലുണ്ടായി.
2018ലെ മഹാപ്രളയത്തിൽ വൻ തകർച്ച നേരിട്ട പറവൂർ മേഖലയിലെ പുനർനിർമ്മാണത്തിന് പ്രദേശത്തെ എം.എൽ.എ വി.ഡി.സതീശൻ ആവിഷ്കരിച്ച പുനർജനി പദ്ധതിക്ക് വിദേശ ഫണ്ട് പിരിച്ചതിലെ ക്രമക്കേട് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടായിരുന്നു വിജിലൻസ് മുഖ്യമന്ത്രിക്ക് നൽകിയ ശുപാർശ. വിജിലൻസ് പ്രത്യേക അന്വേഷണ സംഘം രണ്ട് എസ്.പി മാരുടെ മേൽനോട്ടത്തിൽ പ്രാഥമിക പരിശോധന നടത്തി നൽകിയ റിപ്പോർട്ടിലാണ് സി.ബി.ഐ അന്വേഷണത്തിന് ശുപാർശ ചെയ്തത്.
വിദേശ ഫണ്ട് സമാഹരിച്ചു
സ്വകാര്യ സന്ദർശനത്തിന് കേന്ദ്ര അനുമതി നേടിയശേഷം വിദേശത്തു പോയി ഫണ്ട് സമാഹരിച്ചതും അത് കേരളത്തിലെ അക്കൗണ്ടിലേക്ക് എത്തിച്ചതും ചൂണ്ടിക്കാട്ടിയായിരുന്നു സി.ബി.ഐ അന്വേഷണ ശുപാർശ. ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ട് 2010ലെ സെക്ഷൻ 3 (2) (എ) പ്രകാരമായിരുന്നു കണ്ടെത്തൽ.
സ്വന്തം അക്കൗണ്ടിൽ വന്നില്ല
വിദേശഫണ്ട് വി.ഡി. സതീശന്റെ അക്കൗണ്ടിലേക്ക് വന്നതായോ തുക കൈപ്പറ്റിയതായോ വ്യക്തമാക്കുന്ന ഒരു തെളിവും ലഭിച്ചിട്ടില്ലെന്നാണ് കഴിഞ്ഞ സെപ്റ്റംബർ 19ന് വിജിലൻസ് ഡയറക്ടർ ആഭ്യന്തര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിക്കു നൽകിയ റിപ്പോർട്ടിൽ പറയുന്നത്. വിജിലൻസ് ഡയറക്ടർക്കു വേണ്ടി ഐ.ജിയുടെ ചുമതല വഹിച്ച കെ. കാർത്തിക്കാണ് റിപ്പോർട്ട് സമർപ്പിച്ചത്. ഫണ്ട് കൈകാര്യം ചെയ്തത് മണപ്പാട് ഫൗണ്ടേഷൻ എന്ന സന്നദ്ധ സംഘടനയാണ്. അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 7, 7 (എ) വകുപ്പുകൾ പ്രകാരം സതീശൻ കുറ്റം ചെയ്തതായി കണ്ടെത്താനായിട്ടില്ല.
``നിലനിൽക്കില്ലെന്ന് പറഞ്ഞ് വിജിലൻസ് ഒഴിവാക്കിയ കേസ് ഇനി ഗോവിന്ദൻ സി.ബി.ഐയ്ക്ക് വിടട്ടെ. നേരിടാൻ തയ്യാറാണ്. തിരഞ്ഞെടുപ്പാണല്ലോ പ്രശ്നം. സാമാന്യ ബുദ്ധിയുള്ള എല്ലാവർക്കുമറിയാം ഇതിനു പിന്നിലെ കളികൾ. ഉമ്മൻചാണ്ടിയെ വേട്ടയാടൻ നടത്തിയതും സമാന കളിയാണ്
-വി.ഡി.സതീശൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |