കോഴിക്കോട്: പാർട്ടിയുടെ പ്രത്യയ ശാസ്ത്രത്തിനപ്പുറത്ത് ജനഹൃദയങ്ങളിലിടം പിടിച്ച നേതാവിനെയാണ് വി.എസ് എന്ന രണ്ടക്ഷരം മായുമ്പോൾ നഷ്ടമാവുന്നത്. ടി.പി.ചന്ദ്രശേഖരനെന്ന പോരാളിക്ക് മേൽവീണ 52 വെട്ടിനേക്കാൾ വലുതല്ല നിർണായകമായ നെയ്യാറ്റിൻകര ഉപതിരഞ്ഞെടുപ്പെന്ന് മനസാക്ഷിക്കുമുമ്പിൽ പ്രഖ്യാപിച്ച്, വി.എസ് നടത്തിയ ടി.പിയുടെ വീട് സന്ദർശനം കേരളത്തിന്റെ രാഷ്ട്രീയ ഭൂമികയിൽ എന്നും വേറിട്ട അദ്ധ്യായമാണ്. പാർട്ടി സെക്രട്ടറി കുലംകുത്തിയാണ് ടി.പിയെന്ന് അധിക്ഷേപിച്ചുകൊണ്ടിരിക്കുന്ന ഘട്ടത്തിലും പോരാളിയാണ് ചന്ദ്രശേഖരൻ എന്നുപറഞ്ഞ് ആ വീട്ടിലേക്ക് ധീരമായി കടന്നുചെന്നതിന്റെ ചിത്രം രാഷ്ട്രീയകേരളത്തിന് മറക്കാനാവില്ല. പാർട്ടിവിട്ട് മറുകണ്ടം ചാടിയ സെൽവരാജ് യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുമ്പോൾ പോളിംഗ് ദിവസം തന്നെ എന്തിന് വി.എസ് ചന്ദ്രശേഖരന്റെ വീട്ടിൽ പോയെന്ന ചോദ്യത്തിന് 'എനിക്കങ്ങനെ തോന്നി" എന്ന മറുപടിക്കപ്പുറത്ത് മറ്റൊരു വിശദീകരണവും വി.എസിൽ നിന്നുണ്ടായില്ല. അന്നും ഇന്നും. പാർട്ടി കോടതികൾ പലതവണ വിചാരണ ചെയ്യുമ്പോഴും നിലപാടിന്റെ ഉരുക്കുതറയിൽ അദ്ദേഹം എന്നും ഉറച്ചുനിന്നു. അതായിരുന്നു പോരാട്ടങ്ങളുടെ ഉരുക്ക് മൂശയിൽ രാകിയെടുത്ത വി.എസ്.
2012 ജൂൺ രണ്ടിനായിരുന്നു നെയ്യാറ്റിൻകര ഉപതിരഞ്ഞെടുപ്പ്. അതിനിടെയായിരുന്നു ഒഞ്ചിയത്ത് ആർ.എം.പി നേതാവ് ടി.പി.ചന്ദ്രശേഖരന്റെ അരുംകൊല. പ്രതിസ്ഥാനത്ത് സി.പി.എം. ക്വട്ടേഷൻ സംഘങ്ങളടക്കം സി.പി.എം നേതാക്കളും പൊലീസ് പിടിയിലാവുന്നു. മാസങ്ങളോളം ടി.പി വധത്തിൽ കേരളം വിറങ്ങലിച്ചു. ടി.പി.ചന്ദ്രശേഖരന്റെ ഉറ്റ സുഹൃത്തുക്കളും സി.പി.എം നേതാക്കളുമെല്ലാം ആഗ്രഹിച്ചിട്ടും അപ്രഖ്യാപിതമായ പാർട്ടി വിലക്കും അവിടത്തെ പ്രതിഷേധങ്ങളും കാരണം ആർക്കും ആ വീട്ടിലേക്ക് കയറിചെല്ലാനായില്ല.
അവിടേക്കാണ് അന്ന് പ്രതിപക്ഷ നേതാവുകൂടിയായിരുന്ന വി.എസ് എത്തിയത്. അതിനുമുമ്പുതന്നെ ടി.പിയുടെ വധത്തിൽ പാർട്ടിക്ക് ബന്ധമുണ്ടെങ്കിൽ അന്വേഷിച്ച് നടപടിയുണ്ടാകണമെന്ന കത്തും വി.എസ് അന്നത്തെ പാർട്ടി ജനറൽ സെക്രട്ടറി പ്രകാശ്കാരാട്ടിന് നൽകി. അതും വിവാദമായിരുന്നു. വി.എസ് കത്തെഴുതിയെന്നും അത് കിട്ടിയെന്ന് പ്രകാശ് കാരാട്ടും സ്ഥിരീകരിച്ചു. ടി.പി.യുടെ വിധവയും നിലവിൽ എം.എൽ.എയുമായ കെ.കെ.രമയുടെ കൈപിടിച്ച് ആശ്വസിപ്പിക്കുമ്പോൾ വി.എസിന്റെ കണ്ണട ഇളകിപ്പോകുന്നതടക്കം ചിത്രങ്ങൾ വലിയ മാദ്ധ്യമ ശ്രദ്ധ നേടിയതാണ്.
ടി.പി.ചന്ദ്രശേഖരന്റെ വീട്ടിലെത്തി വി.എസ്.അച്യുതാനന്ദൻ കെ.കെ.രമയെ ആശ്വസിപ്പിക്കുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |