
തിരുവനന്തപുരം: ഏകപക്ഷീയമായി നടപ്പാക്കുന്ന ലേബർകോഡ് പിൻവലിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടാൻ തൊഴിലാളി സംഘടനാ പ്രതിനിധികളുമായി മന്ത്രി വി.ശിവൻകുട്ടി നടത്തിയ ഓൺലൈൻ യോഗത്തിൽ തീരുമാനം.
ഏകപക്ഷീയമായി നടപ്പാക്കിയ ലേബർ കോഡുകൾ പിൻവലിക്കണമെന്ന് കേന്ദ്ര മന്ത്രിയെ നേരിൽ കണ്ട് ആവശ്യപ്പെടുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
ഇതിനായി തൊഴിലാളി സംഘടനാ പ്രതിനിധികളെ ഉൾപ്പെടുത്തി മന്ത്രിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ഡൽഹിക്ക് പോകും.
ലേബർ കോഡിന്റെ ഭാഗമായി ട്രേഡ് യൂണിയൻ സംഘടനകളുടെ രജിസ്ട്രേഷൻ ഫീസ് ആയിരം രൂപയിൽ നിന്ന് 10,000 ആയി ഉയർത്താനുള്ള തീരുമാനം റദ്ദാക്കാനും ധാരണയായി.
തൊഴിൽ കൺകറന്റ് ലിസ്റ്റിൽ വരുന്നതിനാൽ സംസ്ഥാന നിയമത്തിൽ മാറ്റം വരുത്താമെന്ന് യൂണിയൻ നേതാക്കൾ ചൂണ്ടിക്കാട്ടി.
തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട വിദഗ്ദ്ധരെയും മറ്റു സംസ്ഥാനങ്ങളിലെ തൊഴിൽ മന്ത്രിമാരെയും ഉൾപ്പെടെ പങ്കെടുപ്പിച്ച് ഡിസംബർ 19 ന് ലേബർ കോൺക്ളേവ് സംഘടിപ്പിക്കും.അതിലെ ആശയങ്ങൾ ഉൾപ്പെടുത്തി കേന്ദ്ര മന്ത്രിക്ക് കത്തു നൽകും. തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾക്കെതിരെ യോഗം പ്രമേയം പാസാക്കി.
വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് എളമരം കരിം, ടി.പി. രാമകൃഷ്ണൻ (സി.ഐ.ടി.യു) , ആർ. ചന്ദ്രശേഖരൻ, വി. ജെ. ജോസഫ് (ഐ.എൻ.ടി.യു.സി) , കെ.പി. രാജേന്ദ്രൻ (എ.ഐ.ടി.യു.സി) , വി.രാധാകൃഷ്ണൻ (ബി.എം.എസ്) , ബാബു ദിവാകരൻ (യു.ടി.യു.സി) , ടോമി മാത്യു (എച്ച്.എം.എസ്),സോണിയ ജോർജ് (സേവാ യൂണിയൻ), റഹ്മത്തുള്ള (എസ്.ടി.യു) എന്നിവരും തൊഴിൽ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ഷാനവാസ്, ലേബർ കമ്മിഷണർ സഫ്ന നസറുദ്ദീൻ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.
കോൺക്ലേവിൽ
വിശദമായ ചർച്ച
ലേബർ കോഡുകളിന്മേൽ സംസ്ഥാന സർക്കാരിന് എന്തൊക്കെ തൊഴിലാളി അനുകൂല നിലപാടുകൾ കൈക്കൊള്ളാം എന്ന കാര്യം കോൺക്ലേവ് വിശദമായി ചർച്ച ചെയ്യും. ലേബർ കോഡുകൾക്കെതിരെ ബാങ്കിംഗ് മേഖലയിൽ അടക്കം നടന്ന പ്രതിഷേധ പരിപാടികൾക്കെതിരെയുള്ള പ്രതികാര നടപടികൾ സംസ്ഥാനത്ത് അനുവദിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |