ആലപ്പുഴ: ഇരുപത് മണിക്കൂറിലധികം കാത്തുനിന്ന ജനസഞ്ചയത്തിന്റെ വിപ്ലവാഭിവാദ്യങ്ങളേറ്റുവാങ്ങി വി.എസ് അവസാനമായി പുന്നപ്ര വേലിക്കകത്ത് വീട്ടിലെത്തി. ചൊവ്വാഴ്ച രാത്രി 9ന് ഭൗതികശരീരം വീട്ടിൽ എത്തിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്.
എന്നാൽ, ജനസാഗരത്തിന്റെ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങി വിലാപയാത്ര ഓരോ പോയിന്റും കടക്കാൻ മണിക്കൂറുകളെടുത്തു. ഇന്നലെ ഉച്ചയ്ക്ക് 12.20നാണ് വീട്ടിലെത്തിയത്.
വീടിനുള്ളിൽ ഇരുപത് മിനിട്ട് കുടുംബാംഗങ്ങൾക്ക് മാത്രം കാണാനായി ക്രമീകരണം ഒരുക്കി. തുടർന്ന് വീട്ടുമുറ്റത്തെ പന്തലിലേക്ക് ഭൗതിക ശരീരമെത്തിച്ചതോടെ തിരക്ക് നിയന്ത്രണാതീതമായി. പല ബന്ധുക്കളെയും വീട്ടിലേക്ക് കടത്തിവിടാൻ പൊലീസ് നന്നേ പാടുപെട്ടു. ഒരു മണിക്കൂറു കൊണ്ട് വീട്ടിലെ പൊതുദർശനം അവസാനിപ്പിക്കുമെന്ന് പാർട്ടി ഭാരവാഹികൾ അറിയിച്ചെങ്കിലും തിരക്കു കാരണം ഉച്ചയ്ക്ക് 2.40വരെ തുടർന്നു.
സ്ത്രീകൾ, കുട്ടികൾ, വൃദ്ധർ തുടങ്ങി ആയിരങ്ങൾ അന്തിമോപചാരമർപ്പിച്ചു. പ്രിയ സഖാവിനെ കാണാൻ അനാരോഗ്യം പോലും വകവയ്ക്കാതെ എത്തിയവരുണ്ടായിരുന്നു കൂട്ടത്തിൽ. മക്കളെ തോളിലേറ്റി കുടുംബസമേതം വന്നവരുണ്ട്. വി.എസിനെ കണ്ടേ മതിയാകൂ എന്ന ആഗ്രഹത്തിൽ വിദേശത്ത് നിന്ന് എമർജൻസി ടിക്കറ്റെടുത്ത് എത്തിയവരുമുണ്ടായിരുന്നു. നിന്ന നിൽപ്പിൽ വടക്കൻ ജില്ലകളിൽ നിന്ന് ട്രെയിനും ബസും കയറി എത്തിയവരുമുണ്ടായിരുന്നു.
വി.എസിന്റെ ഭാര്യ വസുമതിയും, മകൾ ആശയും ചൊവ്വാഴ്ച രാത്രി തന്നെ വീട്ടിലെത്തിയിരുന്നു.
ജില്ലയിലെ മന്ത്രിമാരായ സജി ചെറിയാനും പി.പ്രസാദും ചേർന്നാണ് വിലാപയാത്രയെ വീട്ടിലേക്ക് നയിച്ചത്. സി.പി.എം ജനറൽ സെക്രട്ടറി എം.എ.ബേബി, മന്ത്രിമാരായ ഡോ.ആർ.ബിന്ദു, കെ.കൃഷ്ണൻകുട്ടി, മഹാരാഷ്ട്ര ഗവർണർ സി.പി.രാധാകൃഷ്ണൻ, എൻ.കെ.പ്രേമചന്ദ്രൻ എം.പി, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, എം.എൽ.എമാരായ എച്ച്.സലാം, എം.എസ്.അരുൺകുമാർ, മാത്യു ടി.തോമസ്, പി.കെ.കുഞ്ഞാലിക്കുട്ടി, മുൻമന്ത്രി ജി.സുധാകരൻ, മുസ്ലീം ലീഗ് നേതാവ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ തുടങ്ങിയവർ വീട്ടിലെത്തി വി.എസിന് ആദരാഞ്ജലി അർപ്പിച്ചു.
വിശപ്പും ദാഹവും
മറന്ന് കാത്തുനില്പ്
വിലാപയാത്ര അമ്പലപ്പുഴയിലെത്തിയതു മുതൽ വീടും പരിസരവും ആളുകളെക്കൊണ്ട് നിറഞ്ഞിരുന്നു. യാത്രയിലുടനീളം കണ്ടതിനെക്കാൾ ഇരട്ടി ജനം വിവിധ കേന്ദ്രങ്ങളിലായി വി.എസിനെ കാത്തിരിപ്പുണ്ടായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തിങ്കളാഴ്ച മുതൽ എത്തിയവർ കനത്ത മഴയെ അവഗണിച്ചും പുന്നപ്രയിൽ തുടർന്നു. ജനങ്ങൾക്ക് വേണ്ടി എത്രയോ മഴ നനഞ്ഞ വി.എസിനെ കാണാൻ ഒന്നല്ല, ഒമ്പത് മഴ നനയാനും തയ്യാറാണെന്നായിരുന്നു പലരുടെയും പ്രതികരണം. വിശപ്പും ദാഹവും മറന്ന് മണിക്കൂറുകളോളം ഒരേ നിൽപ്പ് നിന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |