തിരുവനന്തപുരം: ''കേരളാവിൻ മുതലമൈച്ചർ വി.എസ്. അച്യുതാനന്ദൻ..."" പ്രതിപക്ഷ നേതാവായിരുന്ന വി.എസിനെ മുഖ്യമന്ത്രിയെന്ന് പരിചയപ്പെടുത്തി ഒരു അനൗൺസ്‌മെന്റ്. കേട്ടുനിന്ന മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉൾപ്പെടെ ചിരിച്ചു.
2011 ജൂലായ് 31. അന്തരിച്ച മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽകാലാമിന്റെ അന്തിമോപചാര ചടങ്ങുകൾ രാമേശ്വരം പേയ്ക്കരിമ്പ് മൈതാനത്ത് പുരോഗമിക്കുന്നു. അന്നത്തെ പ്രധാനമന്ത്രി മൻമോഹൻസിംഗ്, കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി, ഗവർണർമാർ, സംസ്ഥാന മുഖ്യമന്ത്രിമാർ എല്ലാവരുമുണ്ട്. സംസ്ഥാന സർക്കാരിനുവേണ്ടി അന്നത്തെ ഗവർണർ പി.സദാശിവവും മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും. പ്രധാനമന്ത്രി പുഷ്പചക്രമർപ്പിച്ച ശേഷം മറ്റുള്ളവർ കലാമിന്റെ ഭൗതികശരീരത്തിനടുത്തേക്ക് എത്തി. പ്രതിപക്ഷ നേതാവായിരുന്ന വി.എസും തൊട്ടുപിന്നിൽ രാഹുൽഗാന്ധിയും. ആ സമയത്ത് നേതാക്കളെ പരിചയപ്പെടുത്തുമ്പോഴാണ് വി.എസ്സിനെ മുഖ്യമന്ത്രിയെന്ന് തെറ്റായി അനൗൺസ്‌മെന്റ് വരുന്നത്. അതുകേട്ട ആൾകൂട്ടം പെട്ടെന്നൊന്നിളകി. 'വി.എസ്" എന്നൊരു മുഴക്കം കേട്ടു. അതാണ് തമിഴകത്തിന് വി.എസ്.
തമിഴ്നാട്ടിലെ സാധാരണക്കാർക്കും ആവേശമായിരുന്നു വി.എസ്. കൂടംകുളം സമരം നടക്കുന്ന കാലം. വി.എസ് എത്തിയാൽ സമരം വിജയിക്കുമെന്ന് സമരസമിതി വിശ്വാസമർപ്പിക്കുന്നു. ''വി.എസ്. ഒരുനാൾ വന്താൽ പോതും"" എന്നാണവർ പറഞ്ഞത്. സമരം 400 ദിവസം പിന്നിട്ടപ്പോൾ 2012 സെപ്തംബർ 18ന് വി.എസ് കൂടംകുളത്തേക്ക് തിരിച്ചു. സുരക്ഷാകാരണം പറഞ്ഞ് യാത്ര മാറ്റിവയ്ക്കണമെന്ന് കേരള പൊലീസും തമിഴ്നാട് പൊലീസും ആവശ്യപ്പെട്ടെങ്കിലും കണക്കിലെടുക്കാതെയായിരുന്നു പുറപ്പെട്ടത്. സമരകേന്ദ്രമായ ഇടിന്തകരൈയിൽ വി.എസ് എത്താതിരിക്കാൻ പൊലീസ് മുൻകരുതലുമെടുത്തിരുന്നു. കളിയിക്കാവിളയിൽ തമിഴ്നാട് പൊലീസ് തടഞ്ഞു. യാത്ര ക്രമസമാധാന പ്രശ്നമുണ്ടാക്കുമെന്ന് എസ്.പി അറിയിച്ചതിനെതുടർന്ന് വി.എസ് പിൻവാങ്ങി. തമിഴ് ജനതയെ വെടിവച്ചും, തല്ലിച്ചതച്ചും ഒതുക്കാനാവില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രിയെ വി.എസ് അന്നുതന്നെ അറിയിച്ചു. കൂടംകുളത്തെ സ്ഥിതിഗതികൾ പഠിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കണം. സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കണം ആണവനിലയം പ്രവർത്തിക്കേണ്ടതെന്നും അന്ന് വി.എസ് ആവശ്യപ്പെട്ടു.
വി.എസ് പകർന്നു നൽകിയ മലയാള ദീപം
മറ്റു സംസ്ഥാനങ്ങളിലെ മലയാളികൾ മലയാളം മറന്നു തുടങ്ങുന്നു എന്ന റിപ്പോർട്ട് വന്നതോടെ മുഖ്യമന്ത്രി വി.എസിന്റെ നടപടിയുണ്ടായി. കേരളത്തിന് പുറത്തു താമസിക്കുന്നവരെ മലയാളം പഠിപ്പിക്കുകയെന്ന ലക്ഷ്യത്തിൽ മലയാളം മിഷന്റെ തമിഴ്നാട് ചാപ്റ്റർ 2011ൽ അദ്ദേഹം ചെന്നൈയിൽ ഉദ്ഘാടനം ചെയ്തു.
2011 ൽ ചെന്നൈയിലെ ലക്ഷക്കണക്കിന് മലയാളികൾക്ക് താമസിക്കാനും കേരളീയ ഭക്ഷണം ലഭിക്കാനുമുള്ള കേന്ദ്രമായ കെ.ടി.ഡി.സി റെയ്ൻ ഡ്രോപ്സ് സാക്ഷാത്കരിച്ചതും വി.എസായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |