കൊച്ചി: നഗരത്തില്‍ സ്‌കൂട്ടര്‍ അപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം. കളമശേരിക്ക് സമീപത്ത് വച്ച് നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ കാറിലേക്ക് ഇടിച്ച് കയറിയാണ് അപകടമുണ്ടായത്. തൃക്കാക്കര സ്വദേശി ബുഷറ ബീവിയാണ് ശനിയാഴ്ച ഉച്ചയോടെയുണ്ടായ അപകടത്തില്‍ മരണപ്പെട്ടത്. അപകടം സംഭവിച്ച പ്രദേശത്തെ റോഡ് നിര്‍മാണത്തില്‍ അശാസ്ത്രീയതയുണ്ടെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ഇക്കാര്യം ഉന്നയിച്ച് നാട്ടുകാര്‍ രംഗത്ത് വരികയും ചെയ്തു.
അപകടമുണ്ടായ സ്ഥലത്ത് റോഡിന്റെ ഒരു ഭാഗത്ത് ടാറിംഗ് നടത്തിയിട്ടുണ്ട്. എന്നാല്‍ മറുഭാഗത്ത് ഇന്റര്‍ലോക്ക് ആണ് പാകിയിരിക്കുന്നത്. റോഡിന്റെ ഈ രണ്ട് ഭാഗങ്ങളും കൂട്ടിമുട്ടുന്നിടത്ത് ഉയരത്തില്‍ വ്യത്യാസമുണ്ട്. ബുഷ്‌റ ബീവി ഓടിച്ചിരുന്ന സ്‌കൂട്ടര്‍ ഈ ഭാഗത്ത് തട്ടി നിയന്ത്രണം വിടുകയായിരുന്നു. സ്‌കൂട്ടറില്‍ നിന്നും തെറിച്ചുവീണ യുവതി കാറിനടിയിലാണ് ചെന്നുപെട്ടത്. ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് തന്നെ ബുഷറ ബീവിയുടെ മരണം സംഭവിച്ചിരുന്നു. ഈ സ്ഥലത്ത് ഇതിന് മുമ്പും വാഹനങ്ങള്‍ അപകടത്തില്‍ പെട്ടിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
വളവും ഇറക്കവും ചേര്‍ന്ന സ്ഥലമാണിതെന്നും അതിനൊപ്പം റോഡ് നിര്‍മാണത്തില്‍ ഉയരക്കുറവിന്റെ പ്രശ്‌നം ഉള്‍പ്പെടെയുള്ളത് പ്രതിസന്ധിയാണെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. റോഡിന്റെ ഈ ഘടന കാരണം അപകട സാദ്ധ്യത കൂടുതലാണ്. ഇരുചക്ര വാഹനങ്ങളാണ് ഈ ഭാഗത്ത് കൂടുതലായും അപകടത്തില്‍പ്പെടുന്നത്. അശാസ്ത്രീയ നിര്‍മാണത്തിന് എത്രയും വേഗം പരിഹാരം വേണമെന്നും ആവശ്യമുണ്ട്. അപകടത്തില്‍ മരിച്ച ബുഷ്‌റയുടെ മൃതദേഹം കളമശേരി മെഡിക്കല്‍ കോളേജിലാണ് നിലവില്‍ സൂക്ഷിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |