കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ നിയന്ത്രണംവിട്ട് സുരക്ഷാവേലി തകർത്ത കണ്ടെയ്‌നർ കൊക്കയിൽ വീഴാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കർണാടകയിൽ നിന്ന് ഇരുചക്ര വാഹനങ്ങളുമായി എത്തിയ കണ്ടെയ്‌നറാണ് അപകടത്തിൽപ്പെട്ടത്. ചുരത്തിലെ ഒൻപതാം വളവിൽ ഇന്നുച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു അപകടമുണ്ടായത്. സുരക്ഷാവേലി തകർത്ത് മുന്നോട്ട് നീങ്ങിയ ലോറിയുടെ ക്യാബിൻ കൊക്കയിലേയ്ക്ക് പതിക്കാതെ തങ്ങിനിൽക്കുകയായിരുന്നു.
അപകടസമയത്ത് ഡ്രൈവർ മാത്രമാണ് ലോറിയിലുണ്ടായിരുന്നത്. കണ്ടെയ്‌നറിൽ ലോഡ് ഉണ്ടായിരുന്നതിനാലാണ് വാഹനം താഴേയ്ക്ക് പതിക്കാതെ തങ്ങിനിന്നതെന്ന് നാട്ടുകാർ പറയുന്നു. അപകടത്തിന് പിന്നാലെ ഓടിക്കൂടിയ ചുരം സംരക്ഷണ സമിതി പ്രവർത്തകരും ചുരം ഗ്രീൻ ബ്രിഗേഡ് പ്രവർത്തകരും മറ്റുവാഹനങ്ങളിലെ യാത്രക്കാരും ചേർന്നാണ് ഡ്രൈവറെ രക്ഷപ്പെടുത്തിയത്. ഇയാൾക്ക് പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. പൊലീസും കൽപ്പറ്റയിൽ നിന്നുള്ള അഗ്നിരക്ഷാ സേനാംഗങ്ങളും സ്ഥലത്തെത്തിയിട്ടുണ്ട്. വൈത്തിരിയിൽ നിന്ന് ക്രെയിൻ എത്തിച്ച് ലോറി മാറ്റാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
മണ്ണിടിച്ചിലിനെത്തുടർന്ന് ഗതാഗത നിരോധനം ഏർപ്പെടുത്തിയതിനുശേഷം മൂന്നുദിവസം നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ വെള്ളിയാഴ്‌ചയാണ് താമരശ്ശേരി ചുരം നിയന്ത്രണങ്ങളോടെ ഗതാഗതത്തിനായി തുറന്നത്. കെഎസ്ആർടിസി ബസുകളും ചരക്കുലോറികളും അടക്കമുള്ളവ വൈകിട്ട് മുതൽ നിയന്ത്രണങ്ങളോടെ കടത്തിവിട്ടിരുന്നു. പൊലീസിന്റെ നിയന്ത്രണത്തോടെയാണ് വാഹനങ്ങൾ കടത്തിവിടുന്നത്. ചുരം വ്യൂപോയിന്റിൽ വിനോദസഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇവിടെ വാഹനം നിറുത്തി സമയം ചെലവിടുന്നതിനും നിരോധനമുണ്ട്. സ്ഥിതിഗതികൾ പൂർവസ്ഥിതിയിലാകുന്നതുവരെ അഗ്നിരക്ഷാസേനയുടെ ഒരു യൂണിറ്റിനെ ചുരത്തിൽ വിന്യസിക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നു. വെളിച്ചത്തിനുള്ള ക്രമീകരണവും തുടരുമെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |