# അപകടം തലപ്പാടിയിൽ
കർണാടക ബസിടിച്ച്
കാസർകോട്: കേരള-കർണാടക അതിർത്തിയായ തലപ്പാടിയിൽ കർണാടക ട്രാൻസ്പോർട്ട് കോർപറേഷൻ ബസ് ഓട്ടോയിലിടിച്ചും ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറിയും ആറു പേർക്ക് ദാരുണാന്ത്യം. മൂന്നുപേരുടെ നില അതീവ ഗുരുതരം.
ഓട്ടോ ഡ്രൈവറും അതിലെ യാത്രക്കാരായ യുവതിയും രണ്ടു സ്ത്രീകളും ബസ് സ്റ്റോപ്പിൽ നിന്ന മറ്റു രണ്ടു സ്ത്രീകളുമാണ് മരിച്ചത്. മംഗളുരു കൊട്ടക്കാർ അജിനടുക്ക മുള്ളുഗഡ്ഡെയിലെ പൊടിയബയുടെ മകൻ ഓട്ടോറിക്ഷ ഡ്രൈവർ ഹൈദർ അലി (47), ബി സി റോഡ് ഫറങ്കിപേട്ടേയിലെ അബ്ദുൽ ഖാദറിന്റെ ഭാര്യ അവ്വമ്മ(72) , കൊട്ടക്കാർ അജിനടുക്കയിലെ മൊയ്തീൻ കുഞ്ഞിയുടെ മകൾ ഖദീജ (60) , കൊട്ടക്കാർ അജിനടുക്കയിലെ ശാഹുൽ ഹമീദിന്റെ മകൾ ഹസ്ന (11) മുഹമ്മദിന്റെ ഭാര്യ നഫീസ (52) ഇവരുടെ മകൾ ആയിഷ ഫിദ ( 19) എന്നിവരാണ് മരിച്ചത്. ബസ് കാത്തുനിന്ന കാസർകോട് പെരുമ്പളയിലെ ലക്ഷ്മി (61) ഇവരുടെ മകൻ സുരേന്ദ്ര (39) എന്നിവരാണ് ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ കഴിയുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.45-ഓടെയാണ് നാടിനെ നടുക്കിയ അപകടം. മംഗലാപുരത്തു നിന്ന് കാസർകോട്ടേക്ക് അമിത വേഗത്തിൽ വന്ന ബസ് ഓട്ടോറിക്ഷയിലേക്കും പിന്നാലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്കും ഇടിച്ചുകയറുകയായിരുന്നു. തിരക്കേറിയ ദേശീയപാതയിൽ വച്ചാണ് ബസ് നിയന്ത്രണം വിട്ടത്. പരിക്കേറ്റവരെ ഉടൻ മംഗളൂരുവിലെ വിവിധ ആശുപത്രികളിൽ എത്തിച്ച് അടിയന്തിര ചികിത്സ നൽകി. മഞ്ചേശ്വരം പൊലീസ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. നാട്ടുകാരുടെ സഹായത്തോടെ മൃതദേഹങ്ങൾ മഞ്ചേശ്വരം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കും മംഗളൂരു, ദർളകട്ട എന്നിവിടങ്ങളിലെ ആശുപത്രി മോർച്ചറികളിലേക്കും മാറ്റി. ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |