തിരുവനന്തപുരം: വെള്ളയമ്പലത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എഞ്ചിനിയേഴ്സ് ഹാളിൽ മദ്ദളമത്സരത്തിൽ പങ്കെടുക്കാൻ ചുരം കേറിയെത്തിയതാണ് കാർത്തിക് പ്രകാശും സംഘവും. മാനന്തവാടി കല്ലോടി സെന്റ് ജോസഫ് ഹൈസ്‌കൂളിലെ വിദ്യാർത്ഥികളാണ് ഇവർ. ഇന്നലെ നടന്ന തായമ്പകയിൽ എ ഗ്രേഡ് നേടിയ സന്തോഷത്തോടെയാണ് കാർത്തിക് വേദിയിലെത്തിയത്.
കാർത്തിക് പ്രകാശും, അദ്വൈത് മനോജും, സായന്ത് കൃഷ്ണയും, അഖിലേഷ് പി കെയും ആവേശത്തോടെ തന്നെ മത്സരിച്ചു. കാർത്തിക്കായിരുന്നു മദ്ദളം കൊട്ടിയത്. കഴിഞ്ഞ ഒരു വർഷമായി മകൻ മദ്ദളം പഠിക്കുന്നുണ്ടെന്ന് കാർത്തിക്കിന്റെ പിതാവ് പ്രകാശ് പറയുന്നു. വിജേഷ് വാര്യർ തിരുനെല്ലിയാണ് ഗുരു. ഹരീഷ് ആണ് തായമ്പക പഠിപ്പിച്ചത്. പത്താം ക്ലാസുകാരനായ കാർത്തിക് കഴിഞ്ഞ സംസ്ഥാന കലോത്സവത്തിൽ മേളത്തിന് പങ്കെടുത്തിരുന്നു. എ ഗ്രേഡുമായിട്ടായിരുന്നു മടക്കം.
15 വർഷമായി കുട്ടികളെ തായമ്പക പഠിപ്പിക്കുന്നു. എല്ലാ വർഷവും താൻ പഠിപ്പിച്ച കുട്ടികൾ കലോത്സവ വേദിയിലെത്താറുണ്ടെെന്ന് ഹരീഷ് പറയുന്നു. 'വയനാട്ടിൽ വലിയൊരു ദുരന്തം കഴിഞ്ഞിരിക്കുകയാണ്. അത് മാനസികമായിട്ട് എല്ലാവരെയും ബാധിച്ചിട്ടുണ്ട്. ഇത് വയനാട്ടുകാരുടെ ഒരു ഉയർത്തെഴുന്നേൽപ്പാണ്.'-അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |