തിരുവനന്തപുരം: കേരളനടന വേദിയിൽ പതിവ് രീതികൾ തിരുത്തി രണ്ടാമൂഴത്തിലെ ഭീമനായും ദുശ്ശാസനനായും ദ്രൗപതിയായും എം.ടിക്ക് ശ്രദ്ധാഞ്ജലി പോലെ 'നിള" നിറഞ്ഞൊഴുകി. രണ്ടാമൂഴത്തിന്റെ ദൃശ്യാവിഷ്‌കാരം കാണാനാഗ്രഹിച്ച പ്രിയ എഴുത്തുകാരന്റെ മനസ് അകലങ്ങളിലിരുന്ന് കണ്ട് നിറഞ്ഞിരിക്കണം...
പുരാണകൃതികൾ അവലംബമാക്കി ചിട്ടപ്പെടുത്താറുള്ള കേരളനടന വേദിയിലാണ് കോഴിക്കോട് ചേളന്നൂർ ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനി നിളാനാഥ് നിറഞ്ഞൊഴുകിയത്. എം.ടിയുടെ തൂലിക വായനക്കാരന് സമ്മാനിച്ച കഥാപാത്രങ്ങളെ ജീവസോടെ അവതരിപ്പിച്ച് നിള മടങ്ങിയപ്പോൾ സദസും കൈയടിച്ച് കൂടെ ചേർന്നു. ദ്രൗപതി തളർന്നുവീഴുന്ന സമയത്ത് സങ്കടപ്പെടുന്ന ഭീമനും ദുശ്ശാസനന്റെ മാറ് പിളർന്നതുമെല്ലാം പതിനഞ്ച് മിനിറ്റിൽ ആസ്വാദകന് മുന്നിലെത്തിച്ച് യുദ്ധം നാടിന്റെ നാശമാണെന്ന് ഓർമ്മിപ്പിച്ചാണ് നിള നടനം അവസാനിപ്പിച്ചത്.
17 വയസിനിടെ 15 സംസ്ഥാനങ്ങളിലും മൂന്ന് വിദേശ രാജ്യങ്ങളിലും നൃത്തമാടിയ നിള യംഗ് ജീനിയസ് ദേശീയ പുരസ്‌കാരം, ചൈൽഡ് ആർട്ടിസ്റ്റ് ദേശീയ പുരസ്‌കാരം, പശ്ചിമ ബംഗാൾ മനുഷ്യ ഫൗണ്ടേൻ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.
ചിട്ടപ്പെടുത്തിയത് സത്യവ്രതൻ
മൂന്നാം വയസ് മുതൽ കലാമണ്ഡലം സത്യവ്രതന് കീഴിലാണ് നൃത്തസപര്യ. അദ്ദേഹമാണ് രണ്ടാമൂഴം കേരളനടനത്തിനായി ചിട്ടപ്പെടുത്തിയത്. മോഹിനിയാട്ടത്തിൽ പല്ലവി കൃഷ്ണയാണ് ഗുരു. കുട്ടിക്കാലത്തേ നിളയെ വിട്ടുപിരിഞ്ഞ അമ്മ ഷീബയുടെ ആഗ്രഹമായിരുന്നു നിളയെ നർത്തകിയാക്കണമെന്നുള്ളത്. അച്ഛൻ എൻ.ബിജുനാഥും സഹോദരൻ അനീഷ് ബദ്രിനാഥുമാണ് നിളയ്ക്ക് പിന്തുണയുമായി ഒപ്പമുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |