കൊച്ചി: സ്ത്രീകളുടെ ശരീരഘടനയെക്കുറിച്ച് പുകഴ്ത്തി പറയുന്നത് സ്ത്രീത്വത്തെ അപമാനിക്കലാണെന്ന് വ്യക്തമാക്കി ഹൈക്കോടതി. സ്ത്രീകളെക്കുറിച്ച് അനാവശ്യമായി വർണനകൾ നടത്തുന്നതും അശ്ലീല സന്ദേശങ്ങൾ അയക്കുന്നതും ലൈംഗികച്ചുവയോടെയല്ലെന്ന് കരുതാനാവില്ലെന്ന് ജസ്റ്റിസ് എ ബദറുദ്ദീൻ നിരീക്ഷിച്ചു. കെ എസ് ഇ ബി മുൻ ഉദ്യോഗസ്ഥൻ നൽകിയ ഹർജി തളളിയ ഉത്തരവിലാണ് കോടതി നിലപാട് വ്യക്തമാക്കിയത്. ഇയാൾക്കെതിരെ സഹപ്രവർത്തക പരാതി നൽകിയിരുന്നു.
അതേസമയം, തുടർച്ചയായി ലൈംഗിക അധിക്ഷേപ പരാമർശങ്ങൾ നടത്തുന്നുവെന്ന് ആരോപിച്ച് വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ നടി ഹണി റോസ് പരാതി നൽകിയിരുന്നു. എറണാകുളം സെൻട്രൽ പൊലീസിനാണ് നടി പരാതി നൽകിയത്. പരാതി അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. എറണാകുളം സെൻട്രൽ എ.സി.പി ജയകുമാറിന്റെ നേതൃത്വത്തിലാണ് പ്രത്യേക സംഘം രൂപീകരിച്ചത്. സെൻട്രൽ സിഐയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുക. അവശ്യമെങ്കിൽ അന്വേഷണ സംഘം വിപുലീകരിക്കുമെന്നും കൊച്ചി പൊലീസ് അറിയിച്ചു. ബോബി ചെമ്മണ്ണൂരിനെ നോട്ടീസ് നൽകി വിളിപ്പിക്കുന്നതും പരിശോധിക്കും.
പരാതി നൽകിയ കാര്യം ഹണി റോസ് തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. നേരത്തെ സോഷ്യൽ മീഡിയയിലൂടെ തനിക്കെതിരെ ലെെംഗികാധിക്ഷേപങ്ങൾ നടത്തിയവർക്കെതിരെ ഹണി റോസ് പരാതി നൽകിയിരുന്നു. 30 പേർക്കെതിരെ പൊലീസ് കേസെടുക്കുകയും ഒരാളെ അറസ്റ്റും ചെയ്തിരുന്നു. ഇൻസ്റ്റഗ്രാം പേജിൽ അധിക്ഷേപങ്ങൾ നടത്തിയവർക്കെതിരെയും പൊലീസ് നടപടി എടുക്കാൻ ഒരുങ്ങുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |