തിരുവനനന്തപുരം: കോട്ടയം കോരുത്തോട് കൊമ്പുകുത്തി ഗവ. ട്രൈബൽ ഹൈസ്കൂൾ ആഘോഷത്തിലാണ്. 72 വർഷത്തെ ചരിത്രത്തിലാദ്യമായാണ് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഇവിടത്തെ വിദ്യാർത്ഥികളെത്തുന്നത്. അവർ എ ഗ്രേഡ് നേടിയപ്പോൾ ഇരട്ടി മധുരവുമായി.
ഹൈസ്‌കൂൾ വിഭാഗം പളിയ നൃത്തത്തിലാണ് 12 വിദ്യാർത്ഥികൾ പങ്കെടുത്തത്. ഇവർക്കൊപ്പം അദ്ധ്യാപകരും രക്ഷാകർത്താക്കളും നാട്ടുകാരുമടക്കം 24 പേരുമെത്തി. കോട്ടയം - ഇടുക്കി ജില്ലകളുടെ സംഗമകേന്ദ്രമായ വനാതിർത്തിയാലാണ് സ്‌കൂൾ. പളിയ നൃത്തം കലോത്സവത്തിൽ ഉൾപ്പെടുത്തിയതറിഞ്ഞ അദ്ധ്യാപകരാണ് ഊരിലെ വിദ്യാർത്ഥികളെ തിരഞ്ഞെടുത്തത്. എട്ട് മുതൽ 10 വരെയുള്ള ക്ലാസുകളിലായി 42കുട്ടികളാണ് സ്‌കൂളിലുള്ളത്. ഇവരിൽ നിന്നാണ് 12 പേരെ തിരഞ്ഞെടുത്തത്. അദ്ധ്യാപകരും രക്ഷിതാക്കളും പളിയ നൃത്തത്തിന്റെ ഉറവിടമായ ഇടുക്കിയിലെ കുമിളിയിലെത്തി കാര്യങ്ങൾ മനസിലാക്കി. തുടർന്ന് കുട്ടികളെ പഠിപ്പിച്ചു.
ഹെഡ്മിസ്ട്രസ് മഞ്ജു, അദ്ധ്യാപകരായ ജെൽബിൻ മാത്യു, ശ്രീജിത്ത്, ശ്രീകുട്ടി ഇങ്ങനെ നീളുന്നു നേതൃനിര.
പ്രദേശത്തെ ചെണ്ടമേളക്കാരനായ അജികുമാറാണ് കുട്ടികൾക്കുള്ള വേഷം തയ്യാറാക്കിയത്. കാട്ടിൽ നിന്ന് ഇഞ്ച, മുക്കിൻ കമ്പ്, പുരുന്തിന്റെ തൂവൽ, കോഴിത്തൂവൽ എന്നിവ ശേഖരിച്ച് സാമാഗ്രികളൊരുക്കി. മുളഞ്ചെണ്ട, ഉടുക്ക്, നഗര, ഉറുമി, ജനക, ജാര എന്നിങ്ങനെ വാദ്ധ്യോപകരണങ്ങളും നിർമ്മിച്ചു.
ആനയെ പേടിച്ച് പരിശീലനം
കൊമ്പുകുത്തി സ്‌കൂളിലെ അദ്ധ്യാപകരടക്കമുള്ളവർക്ക് ആശ്രമയാകുന്നത് രാവിലെ 8.45ന് മുണ്ടക്കയത്തു നിന്നും, വൈകിട്ട് 3.45ന് സ്‌കൂളിന് മുന്നിൽ നിന്നുള്ള ഏക സ്വകാര്യ ബസാണ്. നൃത്തപരിശീലനം വൈകിട്ട് ആറുവരെ നീണ്ടതോടെ ബസ് കിട്ടാതായി. ആനയിറങ്ങുന്ന സ്ഥലമായതിനാൽ പ്രദേശത്തെ ഓട്ടോക്കാരാണ് കുട്ടികളെയും അദ്ധായപകരെയും പരിശീലനം കഴിഞ്ഞ് വീട്ടിലെത്തിച്ചിരുന്നത്. ആനകളെ തുരത്താനുള്ള സാമഗ്രികളോടെയായിരുന്നു യാത്ര. ആന തെങ്ങ് കുത്തിമറിക്കുന്നത് പതിവായതോടെയാണ് ഇവിടം കൊമ്പുകുത്തിയായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |