
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പങ്കുവച്ച സോഷ്യൽ മീഡിയ പോസ്റ്റിന് ലൈക്കടിക്കുകയും അനുകൂലമായി കമന്റിടുകയും ചെയ്തതിന്റെ പേരിൽ സിപിഎം സ്ഥാനാർത്ഥിത്വം നിഷേധിട്ട നേതാവ് സ്വതന്ത്രനായി മത്സരിക്കാൻ ഒരുങ്ങുന്നു. സിപിഎം നേതാവും മുൻ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന മുത്തിപ്പാറ ബി ശ്രീകണ്ഠനാണ് സ്വതന്ത്രനായി മത്സരിക്കാൻ തയ്യാറെടുക്കുന്നത്.
വെഞ്ഞാറമൂട് പുല്ലമ്പാറ മുത്തിപ്പാറ വാർഡിൽ സിപിഎം സ്ഥാനാർത്ഥിയായി ശ്രീകണ്ഠൻ മൂന്ന് ദിവസത്തോളമാണ് പ്രചാരണം നടത്തിയത്. ഇതിന് ശേഷമാണ് അദ്ദേഹത്തെ ഒഴിവാക്കിയത്. ലോക്കൽ സെക്രട്ടറിക്ക് രാജിക്കത്ത് നൽകിയ ശ്രീകണ്ഠൻ സ്വതന്ത്രനായി മത്സരിക്കുമെന്നാണ് സൂചന. പോസ്റ്ററുകൾ ഉൾപ്പടെ അടിച്ച് പ്രചാരണം നടത്തുന്നതിനിടെയാണ് മത്സരത്തിൽ നിന്ന് പിന്മാറാൻ പാർട്ടി നേതൃത്വം ശ്രീകണ്ഠനോട് ആവശ്യപ്പെട്ടത്. പിന്നാലെ പ്രാഥമികാംഗത്വത്തിൽ നിന്ന് രാജിവയ്ക്കുകയാണെന്ന് ശ്രീകണ്ഠൻ അറിയിച്ചു.
പുല്ലമ്പാറ ലോക്കൽ കമ്മിറ്റി സെക്രട്ടറി, പഞ്ചായത്ത് വൈസ് പ്രസിഡന്റ്, സിഐടിയു മേഖല സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന ശ്രീകണ്ഠൻ നിലവിൽ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷനാണ്. സോഷ്യൽ മീഡിയയിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ വന്ന പോസ്റ്റിൽ അനുകൂല നിലപാട് സ്വീകരിച്ച് കമന്റ് രേഖപ്പെടുത്തിയ ആളെ സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന നേതൃത്വത്തിന് പരാതി ലഭിച്ചതോടെയാണ് ജില്ലാ കമ്മിറ്റി സ്ഥാനാർത്ഥിത്വം ഒഴിവാക്കാൻ നിർദ്ദേശം നൽകിയതെന്നാണ് വിവരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |