
തിരുവനന്തപുരം: ഭക്തർ സമർപ്പിക്കുന്ന പൊന്നും സ്വത്തുമൊക്കെ ഭദ്രമാണെന്ന ഉറപ്പുകൊടുക്കാൻ ബോർഡ് ബാദ്ധ്യസ്ഥരാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. ഭക്തരുടെ വിശ്വാസം വ്രണപ്പെട്ടിട്ടുണ്ടെന്ന കാര്യം വാസ്‌തവമാണെന്നും അദ്ദേഹം പറഞ്ഞു. ബോർഡ് പ്രസിഡന്റായി സ്ഥാനമേറ്റതിനുശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഭക്തരുടെ വിശ്വാസം വ്രണപ്പെട്ടിട്ടുണ്ടെന്ന കാര്യം വാസ്‌തവമാണ്. വളരെ സങ്കടകരമായ വാർത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. അതിനെക്കുറിച്ചൊന്നും ഇപ്പോൾ പ്രതികരിക്കുന്നില്ല. ഈ വാർത്തകളൊക്കെ വിശ്വാസികളുടെയും കേരളത്തിന്റെയും മനസിൽ സങ്കടമുണ്ടാക്കിയിട്ടുണ്ടെന്ന കാര്യത്തിൽ സംശയമില്ല. ബോർഡിന്റെ നടപടികളിലെയും സമീപനങ്ങളിലെയും വൈകല്യങ്ങൾ പരിശോധിച്ച് അത് ആവർത്തിക്കാൻ സാദ്ധ്യതയില്ലെന്ന് ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. ദേവനെ പരിരക്ഷിക്കുന്ന ബോർഡ് ആണെന്ന് ഭക്തർക്ക് ഒരു വിശ്വാസമുണ്ട്. അത് തിരിച്ചുകൊണ്ടുവരാൻ പ്രാപ്‌തമായ നടപടികളുണ്ടാവണം. ഭക്തർ സമർപ്പിക്കുന്ന സ്വത്തും പൊന്നുമൊക്കെ ഭദ്രമാണെന്ന ഉറപ്പ് കൊടുക്കാൻ ബോർഡ് ബാദ്ധ്യസ്ഥരാണ്.
അനഭിമതമായ കാര്യങ്ങൾ നടക്കുന്നുണ്ട്. ഇത്തരം കാര്യങ്ങളൊന്നും ദേവസ്വം ബോർഡിൽ സാദ്ധ്യമല്ലെന്ന് ഈ സ്ഥാപനത്തെ നയിക്കുന്ന ഭരണസമിതി തീരുമാനിക്കുകയും കർക്കശമായ നടപടി സ്വീകരിക്കുകയും ചെയ്താൽ ഒരു കുഴപ്പവും നടക്കില്ല. അവിടെയുള്ള കുഴപ്പങ്ങളെക്കുറിച്ച് കുറേയൊക്കെ അറിയാം. അതാണെനിക്ക് പ്രവർത്തിക്കാനുള്ള ഇന്ധനം. ചാടിക്കയറി എന്തെങ്കിലും ചെയ്യുമെന്നല്ല. ബോർഡിന്റെ പ്രവർത്തനത്തിൽ പ്രൗഢമായിട്ടുള്ള സുതാര്യത ഉണ്ടാകുമെന്നുള്ള അഭിമാന മുഹൂർത്തം ഞാൻ സ്വപ്നം കാണുകയാണ്. അത് ഇന്നല്ലെങ്കിൽ നാളെ ഉണ്ടാകും'- കെ ജയകുമാർ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |