
സീരിയലുകളിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ നടനാണ് റെയ്‌ജൻ രാജൻ. നടനെ സംബന്ധിച്ച് നിരവധി ഗോസിപ്പുകൾ വർഷങ്ങൾക്ക് മുൻപ് വന്നിരുന്നു. ഇപ്പോഴിതാ റെയ്‌ജന്റെ അടുത്ത സുഹൃത്തും സഹപ്രവർത്തകയുമായ നടി മൃദുല വിജയ്, നടൻ നേരിട്ട ദുരനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ്. ഒരു ആരാധികയുടെ അതിരുവിട്ട പെരുമാറ്റം കാരണം റെയ്‌ജൻ കടുത്ത മാനസിക സമ്മർദ്ദത്തിലും ഭീഷണിയിലുമാണെന്നാണ് മൃദുലയുടെ വെളിപ്പെടുത്തൽ. ഒരു വീഡിയോയിലൂടെ നടി ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
കഴിഞ്ഞ ആറ് വർഷമായി ഒരു സ്ത്രീ കാരണം റെയ്ജൻ രാജ് ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്. പൊതുവെ സിനിമാ-സീരിയൽ താരങ്ങൾക്കുനേരെ ആരാധകരുടെ സ്നേഹപ്രകടനങ്ങൾ ഉണ്ടാവാറുണ്ടെങ്കിലും റെയ്ജന്റെ കാര്യത്തിൽ അത് അതിരുവിട്ട് ജീവന് ഭീഷണിയായി മാറിയിരിക്കുകയാണ്. ഒരു പുരുഷൻ ഇതേക്കുറിച്ച് പരാതി പറഞ്ഞാൽ സമൂഹത്തിൽ വേണ്ട ശ്രദ്ധ കിട്ടില്ല എന്നുള്ളതുകൊണ്ടാണ് ഇതുവരെ തുറന്നു പറയാത്തത്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് റെയ്ജൻ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.ഇക്കാര്യത്തിൽ എല്ലാവരും റെയ്ജനൊപ്പം നിൽക്കണമെന്നും മൃദുല പറയുന്നു.
'വളരെ പ്രധാനപ്പെട്ട ഒരു കാര്യം പങ്കുവയ്ക്കാനാണ് ഞാൻ വന്നത്. അതായത്, എന്റെ കൂടെ പ്രവർത്തിക്കുന്ന ഒരു സഹതാരത്തിന് ലൊക്കേഷനിൽ മോശപ്പെട്ട രീതിയിൽ ഒരു അനുഭവം ഉണ്ടായി. റെയ്ജൻ ചേട്ടനാണ് മോശം അനുഭവം ഉണ്ടായത്. ഇതിനെപ്പറ്റി ഞാൻ ഇൻസ്റ്റാഗ്രാം സ്റ്റോറീസിൽ കുറച്ച് കാര്യങ്ങൾ എഴുതിയിരുന്നു. സംഭവം ചുരുക്കി പറയാം. കഴിഞ്ഞ ആറ് വർഷമായി ഒരു സ്ത്രീ, അതായത് നമ്മുടെ സെറ്റുകളിൽ വന്നുകൊണ്ടിരിക്കുന്ന ഒരു ജൂനിയർ ആർട്ടിസ്റ്റ്, റെയ്ജൻ ചേട്ടന് തുടരെ സന്ദേശങ്ങൾ അയയ്ക്കുന്നു. അതും വളരെ മോശമായിട്ടുള്ള സന്ദേശങ്ങളാണ് അയച്ചുകൊണ്ടിരുന്നത്.
ചേട്ടൻ പ്രതികരിക്കാതെ വന്നപ്പോൾ പുള്ളിക്കാരി ഭയങ്കരമായി പ്രകോപിതയായി. പിന്നെ പല പല ഫോൺ നമ്പറിൽ നിന്ന് വിളിക്കുന്നു. ചീത്ത വിളിക്കുന്നു. പിന്നെയും ക്ഷമ ചോദിച്ച് സന്ദേശം അയയ്ക്കുന്നു. വീണ്ടും വളരെ വൃത്തികെട്ട സെക്ഷ്വൽ ആയുള്ള സന്ദേശങ്ങൾ അയക്കുന്നു. സംഭവം അഞ്ചാറ് വർഷമായി തുടങ്ങിയിട്ട്. ഞങ്ങളുടെ ചിത്രീകരണ സ്ഥലത്ത് തന്നെ രണ്ട് സംഭവങ്ങൾ ഇതിനിടയിലും ഉണ്ടാവുകയും ചെയ്തു. ഇത് പറയുമ്പോൾ എല്ലാവരും വിചാരിക്കുന്ന ഒരു കാര്യം ഇത്രയും വർഷമായി നടക്കുന്ന ഒരു കാര്യത്തെക്കുറിച്ച് എന്തുകൊണ്ടാണ് പരാതി ഒന്നും നൽകാത്തതെന്നാണ്. ശരിക്കും പറഞ്ഞുകഴിഞ്ഞാൽ നമ്മുടെ നിയമം ആണ് കാരണം എന്ന് തന്നെ പറയും.
ഒരു പെണ്ണ് സംസാരിച്ച് കഴിഞ്ഞാൽ അതിനെ പിന്തുണയ്ക്കാൻ ഒരുപാട് ആളുകളുണ്ട്. പെണ്ണ് കാരണം നേരിടുന്ന ബുദ്ധിമുട്ട് ഒരു പുരുഷൻ പറഞ്ഞാൽ പിന്തുണയ്ക്കാൻ ആളുകളുണ്ടാവില്ല. ക്ഷമ നശിച്ച് കഴിഞ്ഞ ദിവസം മുതൽ റെയ്ജൻ ചേട്ടൻ ഇതിനെതിരെ പ്രതികരിച്ച് തുടങ്ങി. അദ്ദേഹം റിയാക്ട് ചെയ്തശേഷം പുള്ളിക്കാരിയിൽ നിന്നും ഒരു പ്രതികരണം വന്നു. ഞാൻ ഒന്നും തന്നെ ചെയ്തിട്ടില്ല. ആവശ്യമില്ലാതെ എന്റെ പേര് ഉപയോഗിക്കുന്നു. എനിക്ക് ഇതേക്കുറിച്ച് ഒന്നും അറിയില്ലെന്നാണ് അവർ പറയുന്നത്. നീ എന്നെ മൈൻഡ് ചെയ്തില്ലെങ്കിൽ നിന്റെ തലയിൽ ബിയർ കുപ്പി കൊണ്ട് അടിച്ച് പൊട്ടിക്കുമെന്നു പറഞ്ഞ് ഭീഷണിയും ഉണ്ടായി.
ആ സ്ത്രീ സൃഷ്ടിച്ച പ്രശ്നങ്ങൾ രണ്ടുതവണ ഞാൻ നേരിട്ട് കണ്ടിരുന്നു. ഒരു തവണ ലൊക്കേഷനിൽ റെയ്‌ജൻ ചേട്ടനോട് സംസാരിക്കാൻ വന്നു. എഴുന്നേറ്റ് പോയപ്പോൾ ആ സ്ത്രീ അദ്ദേഹത്തിന്റെ ഷർട്ട് പിടിച്ചുവലിച്ചു. രണ്ടാമത്തെ സംഭവം അടുത്തിടെയാണ്. ഇനി വന്നാൽ ലൊക്കേഷനിൽ കയറ്റില്ലെന്ന് അറിയാവുന്നതുകൊണ്ട് ആ സ്ത്രീ പർദ്ദയിട്ട് വന്നു. ഷോട്ടിൽ നിൽക്കുന്ന റെയ്‌ൻൻ ചേട്ടന് ചോക്ലേറ്റ് കൊടുക്കാൻ നോക്കി. ചേട്ടന് ഉടനെ കാര്യം മനസിലായി. ഇപ്പോൾ അദ്ദേഹത്തെ പിന്തുണയ്ക്കാനാണ് ഞാൻ ഈ വീഡിയോ ഇടുന്നത്'- മൃദുല പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |