തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതർക്കായി സാമൂഹ്യ പ്രവർത്തക ദയാബായി നടത്തി വരുന്ന നിരാഹാര സമരത്തിൽ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. സമരത്തോട് അനുഭാവ പൂർണമായ സമീപനമാണ് സർക്കാർ കൈക്കൊണ്ടത് അദ്ദേഹം വ്യക്തമാക്കി. സമരസമിതി മുന്നോട്ട് വെച്ച ആവശ്യങ്ങളിൽ കാസർകോട് എയിംസ് സ്ഥാപിക്കുന്നത് ഒഴിച്ച് ബാക്കി എല്ലാ ആവശ്യങ്ങളും സർക്കാർ അംഗീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സർക്കാരിന് എൻഡോസൾഫാൻ ദുരിത ബാധിതരുടെ കാര്യത്തിൽ ഒരു അവ്യക്തതയും ഇല്ല. കാസർകോട് മെഡിക്കൽ കോളേജിൽ എൻഡോസൾഫാൻ ദുരിതബാധിതർക്ക് മുൻഗണന നൽകി വരുന്നുണ്ട്. അത് ഇനിയും തുടരും. കാസർകോട് മെഡിക്കൽ ക്യാംപുകളും സംഘടിപ്പിക്കും. സർക്കാർ നൽകിയ ഉറപ്പുകൾ തീർച്ചയായും നടപ്പിലാക്കുമെന്നും അതിനാൽ സമരത്തിൽ നിന്ന് പിൻമാറണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
രണ്ടാഴ്ച്ചയിൽ കൂടുതലായി സെക്രട്ടറിയേറ്റിൽ നടത്തി വരുന്ന നിരാഹര സമരവേദിയിൽ നിന്നും കഴിഞ്ഞ ദിവസം ദയാബായിയെ പൊലീസ് ഇടപ്പെട്ട് ജനറൽ ആശുപത്രിയിലേയ്ക്ക് മാറ്റിയിരുന്നു. സമരം അവസാനിപ്പിക്കണമെന്ന ആവശ്യവുമായി ആരോഗ്യ മന്ത്രി വീണാ ജോർജും മന്ത്രി ആർ ബിന്ദുവും ആശുപത്രിയിലെത്തി സംസാരിച്ചെങ്കിലും ദയാബായി അനുകൂല നിലപാട് സ്വീകരിച്ചിരുന്നില്ല. സമരസമിതി ഉന്നയിച്ച കാസർകോട് എയിംസ് സ്ഥാപിക്കുക എന്നതടക്കമുള്ള ആവശ്യങ്ങൾ അംഗീകരിക്കും വരെ നിരാഹാര സമരം തുടരും എന്ന നിലപാടിൽ ദയാബായി ഉറച്ച് നിൽക്കുക ആയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |