ന്യൂഡൽഹി: സംസ്ഥാനത്തിന്റെ വിവിധ ആവശ്യങ്ങൾ പ്രധാനമന്ത്രിയെയും മറ്റ് കേന്ദ്രമന്ത്രിമാരെയും അറിയിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുണ്ടക്കൈ - ചൂരൽമല ദുരിതബാധിതരുടെ പുനരധിവാസത്തെക്കുറിച്ചും എയിംസ് കോഴിക്കോട് സ്ഥാപിക്കണമെന്നതുൾപ്പെടെയുള്ള കാര്യങ്ങളും പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാക്കുകൾ:
'പ്രധാനമന്ത്രി ഉൾപ്പെടെ അഞ്ച് കേന്ദ്രമന്ത്രിമാരെ നേരിൽ കണ്ടു. സംസ്ഥാനത്തിന്റെ വിവിധ വിഷയങ്ങൾ ശ്രദ്ധയിൽപ്പെടുത്തി. കേരളം ഇപ്പോൾ അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രശ്‌നങ്ങൾ, ഏറെ കാലമായുള്ള സുപ്രധാന വിഷയങ്ങൾ എന്നിവയെല്ലാം വിശദീകരിച്ചു. ഇതെല്ലാം പ്രധാനമന്ത്രിയെയും മറ്റ് മന്ത്രിമാരെയും ബോധിപ്പിച്ചു. കേരളത്തിന്റെ പുരോഗതി, ദുരിതാശ്വാസം, സാമ്പത്തിക സ്ഥിതി എന്നീ ഗൗരവകരമായ വിഷയങ്ങളിൽ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടു. നാല് പ്രധാന ആവശ്യങ്ങളാണ് ഉന്നയിച്ചത്.
മുണ്ടക്കൈ - ചൂരൽമല ദുരിതബാധിതരുടെ പുനരധിവാസത്തിന് എൻഡിആർഎഫിൽ നിന്ന് 2221 കോടി രൂപ ഗ്രാൻഡ് അനുവദിക്കണമെന്ന ആവശ്യം നേരത്തേ ഉന്നയിച്ചതാണ്. അത് ഇപ്പോഴും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ഇത് വായ്‌പയായല്ല ഗ്രാൻഡായി പരിഗണിക്കണമെന്നാണ് അഭ്യർത്ഥിച്ചത്. ഇതോടൊപ്പം സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രശ്‌നങ്ങളെക്കുറിച്ച് പറഞ്ഞു. കേരളത്തിന്റെ കടമെടുപ്പ് പരിധിയിൽ കേന്ദ്രം കൊണ്ടുവന്ന നിയന്ത്രണങ്ങൾ ലഘൂകരിക്കണമെന്നും സാമ്പത്തിക പരിധിയിൽ വരുത്തിയ വെട്ടിക്കുറയ്‌ക്കലും ഇല്ലാതാക്കുന്നതിനും ആവശ്യപ്പെട്ടു.
ഐജിഎസ്‌ടി റിക്കവറി തിരികെ നൽകൽ, ബഡ്‌ജറ്റിന് പുറത്തെ കടമെടുപ്പിന് ഏർപ്പെടുത്തിയ വെട്ടിക്കുറയ്‌ക്കൽ എന്നിവ മാറ്റിവയ്‌ക്കാനാണ് ആവശ്യപ്പെട്ടത്. മാത്രമല്ല, ദേശീയ പാതയ്‌ക്ക് വേണ്ടി ഭൂമി ഏറ്റെടുക്കുന്ന ചെലവിന്റെ 25 ശതമാനം സംസ്ഥാനം വഹിക്കണമെന്ന തീരുമാനത്തിന്റെ ഭാഗമായി നൽകിയ പണമുണ്ട്. ഈ തുക കടമെടുപ്പ് പരിധിയിൽ വെട്ടിക്കുറച്ചിട്ടുണ്ട്. കിഫ്‌ബി നൽകിയ തുകയാണത്. അത് സംസ്ഥാനത്തിന് ഇരട്ടപ്രഹരമായി മാറി. ആ തുക കടമെടുക്കുന്നതിന് അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
കോഴിക്കോട് കിനാലൂരിൽ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. അവിടെ എയിംസ് സ്ഥാപിക്കുക എന്നതാണ് മറ്റൊരു ആവശ്യം. നേരത്ത എയിംസിന് വേണ്ടി നാല് സ്ഥലങ്ങൾ സംസ്ഥാനം നിർദേശിച്ചിരുന്നു. അപ്പോൾ ഒരു സ്ഥലം പറയാൻ കേന്ദ്രം അറിയിച്ചിരുന്നു. അങ്ങനെയാണ് കോഴിക്കോട് പറഞ്ഞത്. എത്രയും വേഗം കേരളത്തിൽ എയിംസ് വേണമെന്നും ആവശ്യപ്പെട്ടു.
സംസ്ഥാനത്തിന്റെ അധിവേഗ നഗരവൽക്കരണം കണക്കിലെടുത്ത് ശാസ്‌ത്രീയമായ ആസൂത്രണവും ആർക്കിടെക്‌ചറൽ ഗവേഷണവും ശക്തിപ്പെടുത്തുന്നതിനായി സംസ്ഥാനത്ത് സ്‌കൂൾ ഓഫ് പ്ലാനിംഗ് ആന്റ് ആർക്കിടെക്‌ച്ചർ (എസ്‌പിഎ) സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് അമിത് ഷാ പറഞ്ഞിട്ടുണ്ട്. '
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |