പാലക്കാട്: ചെന്താമര പ്രതിയായ നെന്മാറ പോത്തുണ്ടി സജിതാ കൊലക്കേസിൽ ഇന്ന് കോടതി വിധി പറയും. പാലക്കാട് നാലാം അഡീഷണൽ ജില്ലാ കോടതിയാണ് വിധി പറയുന്നത്. ചെന്താമര ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് സജിതയുടെ ഭർത്താവ് സുധാകരൻ (56), അമ്മ ലക്ഷ്മി (78) എന്നിവരെ കൊലപ്പെടുത്തിയത്. സജിതാ കൊലക്കേസിൽ ആറുവർഷങ്ങൾക്ക് ശേഷം വിചാരണ നടപടികൾ പൂർത്തിയാക്കിയാണ് വിധി പറയുന്നത്.
2019 ഓഗസ്റ്റ് 31നാണ് അയൽവാസിയായ നെന്മാറ പോത്തുണ്ടി തിരുത്തമ്പാടം ബോയൻസ് കോളനിയിലെ സജിതയെ വീട്ടിൽ കയറി ചെന്താമര എന്ന ചെന്താമരാക്ഷൻ വെട്ടിക്കൊന്നത്. കടുത്ത അന്ധവിശ്വാസത്തിന് അടിമയായിരുന്നു ചെന്താമര. ഇയാളുടെ കുടുംബം തകർന്നതിന് പിന്നിൽ മുടിനീട്ടി വളർത്തിയ ഒരു യുവതിയാണെന്ന് ജ്യോത്സ്യൻ പറഞ്ഞിരുന്നു. ഭാര്യ പിണങ്ങിപ്പോകാൻ കാരണക്കാരിയാണെന്ന് സംശയിച്ചാണ് സജിതയെ കൊലപ്പെടുത്തിയത്. സാഹചര്യതെളിവുകളും പ്രതിയുടെ ഭാര്യ അടക്കം അൻപത് സാക്ഷികളുടെ മൊഴിയുമാണ് കേസിൽ നിർണായകമായത്. വിധി വരുന്നതോടൊപ്പം നെന്മാറ ഇരട്ടക്കൊലപാതകക്കേസിന്റെ വിചാരണ നടപടികൾ ആരംഭിക്കുമെന്നാണ് വിവരം.
സജിത വീട്ടിൽ ഒറ്റയ്ക്കുള്ള തക്കം നോക്കിയായിരുന്നു ക്രൂരകൊലപാതകം നടത്തിയത്. കൊല നടന്ന ദിവസം മക്കൾ സ്കൂളിലും ലോറി ഡ്രെെവറായ ഭർത്താവ് സുധാകരൻ തമിഴ്നാട്ടിലുമായിരുന്നു. സജിത അടുക്കളയിൽ ഭക്ഷണം പാകം ചെയ്തുകൊണ്ടിരിക്കുന്നതിനിടെ ചെന്താമര കൊടുവാളുമായെത്തി ശരീരത്തിൽ തുടരെ തുടരെ വെട്ടി വീഴ്‌ത്തി. മരിച്ചെന്നുറപ്പായതോടെ രക്തം പുരണ്ട കൊടുവാൾ വീട്ടിൽ ഉപേക്ഷിച്ച് നെല്ലിയാമ്പതി മലയിൽ ഒളിവിൽ പോയി. വിശന്നുവലഞ്ഞതോടെ രണ്ടുദിവസത്തിന് ശേഷം മലയിറങ്ങുകയായിരുന്നു. പിന്നാലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ശിക്ഷാവിധി ഇന്ന് വരാനിരിക്കെ ചെന്താമരയ്ക്ക് പരാമവധി ശിക്ഷ തന്നെ നൽകണമെന്നാണ് കൊല്ലപ്പെട്ട സജിതയുടെയും സുധാകരന്റെയും മക്കൾ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ചെന്താമര ജയിലിൽ നിന്ന് പുറത്തിറങ്ങിയാൽ തങ്ങളുടെ ജീവന് പോലും ഭീഷണിയുണ്ടെന്നും മക്കളായ അതുല്യയും അഖിലയും പറഞ്ഞു.
'അയാൾ ജീവിച്ചിരിക്കുന്നിടത്തോളം കാലം ഞങ്ങൾക്ക് പേടിയാണ്. അയാളെ പെട്ടെന്ന് തന്നെ തൂക്കിലേറ്റണം. എല്ലാവർക്കും അയാളെ പേടിയാണ്. ഞങ്ങൾ എങ്ങോട്ടാണ് ഇനി ഓടി ഒളിക്കേണ്ടത്? അച്ഛനും അമ്മയും ഇല്ലാത്ത വിഷമം ഞങ്ങൾക്കേ അറിയൂ'- അവർ പറഞ്ഞു.
അതേസമയം, ചെന്താമരയെ ഭയന്ന് സജിത വധക്കേസിലെ പ്രധാന സാക്ഷി നാടുവിട്ടു. കേസിലെ നിർണായക സാക്ഷിയായ പോത്തുണ്ടി സ്വദേശി പുഷ്‌പയാണ് തമിഴ്‌നാട്ടിലേക്ക് കടന്നത്. കേസ് അന്വേഷണത്തിൽ നിർണായകമായത് പുഷ്‌പയുടെ മൊഴിയാണ്. സജിതയുടെ വീട്ടിൽ നിന്ന് കൊലയ്ക്കുശേഷം ചെന്താമര വരുന്നത് പുഷ്‌പയാണ് കണ്ടത്. ഇതുസംബന്ധിച്ച് പുഷ്പ പൊലീസിന് മൊഴിയും നൽകിയിരുന്നു. ഇതിന്റെ വെെരാഗ്യത്തിൽ പുഷ്പയെ കൊല്ലുമെന്ന് ചെന്താമര പലവട്ടം ഭീഷണിമുഴക്കിയിരുന്നു. തുടർന്നാണ് പുഷ്പ നാടുവിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |