തിരുവനന്തപുരം: മകനെതിരെയുള്ള ഇ.ഡി സമന്‍സ് ആരോപണത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മകന് അത്തരത്തിലൊരു സമന്‍സ് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രണ്ട് മക്കളിലും തനിക്ക് അഭിമാനമാണുള്ളത്. തന്നെപ്പോലെ തന്നെ കളങ്കരഹിത രാഷ്ട്രീയത്തിന് ഒപ്പമാണ് മക്കളും സഞ്ചരിക്കുന്നത്. ഒരു ദുഷ്‌പേരുണ്ടാക്കുന്ന തരത്തില്‍ ഇരുവരും പ്രവര്‍ത്തിച്ചിട്ടില്ലെന്നും പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
തന്റെ മകനെ സാധാരണ മുഖ്യമന്ത്രിമാരുടെ മക്കളെ കാണുന്നപോലെ അധികാരത്തിന്റെ ഇടനാഴിയില്‍ കണ്ടുകാണാന്‍ സാദ്ധ്യതയില്ല. ക്ലിഫ് ഹൗസില്‍ എത്ര മുറിയുണ്ടെന്ന് പോലും മകന് അറിയാമോ എന്ന് തനിക്ക് സംശയമാണെന്നും പിണറായി പറഞ്ഞു. അതാണ് മകന്റെ പ്രത്യേകത. 'ഏതൊരു അച്ഛനും തന്റെ മക്കളുടെ കാര്യത്തില്‍ അഭിമാനമുണ്ടാകും. എന്റെ മകന്‍ ഒരു പ്രവര്‍ത്തിക്കൊണ്ടും എനിക്ക് ദുഷ്‌പേരോ കളങ്കമോ ഉണ്ടാക്കിയിട്ടില്ല. രണ്ട് മക്കളും അങ്ങനെ പ്രവര്‍ത്തിച്ചിട്ടില്ല'
മകള്‍ക്കെതിരെ ആരോപണം ഉണ്ടായപ്പോള്‍ ചിരിച്ചുകൊണ്ടാണ് അതിനെയൊക്കെ നേരിട്ടത്. അത്തരം ആരോപണങ്ങള്‍ ഏശുന്നില്ലെന്ന് കണ്ടപ്പോള്‍ മര്യാദക്ക് ജോലിയെടുത്ത് കഴിയുന്ന ഒരാളെ, ഇവിടെ പലര്‍ക്കും നേരിട്ട് അറിയുകയോ കാണുകയോ പോലും ചെയ്യാത്ത ഒരാളെ വിവാദത്തില്‍ ഉള്‍പ്പെടുത്താന്‍ നോക്കുന്നു. അങ്ങനെ വിവാദമുണ്ടാക്കാന്‍ ശ്രമിച്ചാല്‍ അത് തന്നെയോ കുടുംബത്തെയോ ബാധിക്കുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു.
മര്യാദക്ക് ജോലി ചെയ്ത് ജീവിക്കുന്ന ഒരാളാണ്. ജോലി, വീട് എന്ന നിലയിലാണ് മകന്‍ ജീവിക്കുന്നത്. ഒരു പൊതുപ്രവര്‍ത്തന രംഗത്തും മകന്‍ പ്രവര്‍ത്തിക്കുന്നില്ല. അതാണ് കാണേണ്ട കാര്യം. ഇത്തരം കാര്യങ്ങള്‍ ഉയര്‍ത്തി തന്നെ പ്രയാസപ്പെടുത്തിക്കളയാമെന്ന് വിചാരിക്കേണ്ടെന്നും ഒരു ഏജന്‍സിയുടെ സമന്‍സും കിട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു. ആര് ആര്‍ക്കാണ് സമന്‍സ് കൊടുത്തത് എന്നും മുഖ്യമന്ത്രി ചോദിച്ചു. കേട്ടയുടനെ മുഖ്യമന്ത്രി പ്രതികരിക്കണമെന്ന് പ്രതിപക്ഷ നേതാവ് പറയുന്നു. ഇതിനൊക്കെ എന്താണ് പ്രതികരിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു. ഒരു ചിത്രം വരച്ച് കാണിക്കുകയാണ്. തന്നെ കളങ്കിതനായി ചിത്രീകരിക്കാന്‍ ശ്രമം നടക്കുകയാണ്. എന്നാല്‍ അങ്ങനെ ശ്രമിച്ചാല്‍ കളങ്കിതനായി മാറുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |