തൃശൂർ: എമ്പുരാൻ റീ എഡിറ്റിംഗിനെതിരെ ഓർത്തഡോക്സ് സഭ തൃശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസ്. എമ്പുരാൻ സിനിമയെ കൊന്നു എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. "ഗാന്ധിജിയെ വധിച്ചു, ഗുജറാത്തിൽ ആയിരങ്ങളെ കൊന്നു, ബാബറി മസ്ജിദ് തകർത്തു. ഇപ്പോൾ ഒരു സിനിമയെ കൊന്നു. കൊലപാതകങ്ങൾ തുടരുന്നു". എന്നാണ് ഫേസ്ബുക്കിൽ കുറിച്ചത്.
സിനിമയെ സിനിമയായി കാണണം: ആസിഫ് അലി
സിനിമയെ സിനിമയായി കാണണമെന്നാണ് വ്യക്തിപരമായ കാഴ്ചപ്പാടെന്ന് നടൻ ആസിഫ് അലി. സിനിമാ ആസ്വാദനത്തിന് വേണ്ടിയുള്ളതാണ്. സിനിമയോ ചുറ്റുപാടുമുള്ള എന്തുമായിക്കോട്ടെ, നമ്മളെ സ്വാധീനിക്കേണ്ടത് എന്തെന്ന് നമ്മൾ തിരഞ്ഞെടുക്കണം. ന്യായത്തിന്റെ ഭാഗത്താണ് നിൽക്കുന്നത്. വരും വരായ്കകൾ ഓർക്കാതെ ഉണ്ടാകുന്ന പ്രതികരണങ്ങൾ വലിയ പ്രശ്നങ്ങളുണ്ടാക്കും. നേരിട്ട് അഭിപ്രായം പറയാൻ ധൈര്യമില്ലാത്തവർ എപ്പോഴും ഒളിച്ചിരുന്ന് കല്ലെറിയും. അതിന്റെ വകഭേദങ്ങളാണ് കാണുന്നത്. സമൂഹമാദ്ധ്യമ ആക്രമണവും അതുണ്ടാക്കുന്ന വിഷമവും അനുഭവിച്ചാലേ മനസിലാകൂ.
മോഹൻലാൽ ഫാൻസ് അസോസിയേഷൻ സെക്രട്ടറി രാജിവച്ചു
എമ്പുരാൻ സിനിമാവിവാദത്തിൽ മോഹൻലാൽ ഖേദം പ്രകടിപ്പിച്ചതിന് പിന്നാലെ മോഹൻലാൽ ഫാൻസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി രാജിവച്ചു. ആൾ കേരള മോഹൻലാൽ ഫാൻസ് ആന്റ് കൾച്ചറൽ വെൽഫയർ അസോസിയേഷൻ ജില്ലാ സെക്രട്ടറി ബിനുരാജ് ആണ് സെക്രട്ടറി സ്ഥാനം രാജിവയ്ക്കുന്നതായി ഫേസ്ബുക്ക് പോസ്റ്റിട്ടത്. രാജിയുടെ കാരണം വിശദീകരിച്ചിട്ടില്ല. രാജിവയ്ക്കുകയാണെന്നും ഇതുവരെ കട്ടയ്ക്ക് നിന്നവർക്ക് നന്ദിയെന്നുമാണ് കുറിപ്പ്.
സുപ്രിയ മേനോൻ അർബൻ നക്സൽ:ബി.ഗോപാലകൃഷ്ണൻ
സുപ്രിയ മേനോൻ അർബൻ നക്സലെന്നും, മരുമോളെ മല്ലിക സുകുമാരൻ നിലയ്ക്ക് നിറുത്തണമെന്ന വിവാദ പരാമർശവുമായി ബി.ജെ.പി നേതാവ് അഡ്വ.ബി.ഗോപാലകൃഷ്ണൻ.ആശാ പ്രവർത്തകർക്ക് പിന്തുണ നൽകി അങ്കമാലിയിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.എമ്പുരാൻ വിവാദത്തിൽ പോസ്റ്റിട്ട മല്ലിക സുകുമാരൻ ആദ്യം മരുമകളെ നിലയ്ക്ക് നിറുത്തണം.മോഹൻലാലിനെ പരോക്ഷമായും മേജർ രവിയെ പ്രത്യക്ഷമായും എതിർത്താണ് മല്ലിക സുകുമാരൻ പോസ്റ്റിട്ടത്.'മല്ലിക സുകുമാരനോട് ബി.ജെ.പിക്ക് ഒന്നേ പറയാനുള്ളൂ.വീട്ടിൽ അർബൻ നക്സലൈറ്റായ മരുമകളെ നേരെ നിറുത്തണം.തരത്തിൽപ്പോയി കളിക്കെടാ,എന്നാണ് അവർ പോസ്റ്റിട്ടത്'.ചിത്രത്തിന് അനുകൂലമായി പ്രതികരിച്ച മന്ത്രി ശിവൻകുട്ടിയും സി.പി.ഐ നേതാവ് ബിനോയ് വിശ്വവും ചലച്ചിത്ര പ്രവർത്തകരുടെ ബുദ്ധിമുട്ടല്ല,ആശാ വർക്കർമാരുടെ പ്രശ്നമാണ് കാണേണ്ടതെന്നും ഗോപാലകൃഷ്ണൻ പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |