കൊച്ചി : കൂത്താട്ടുകുളം നഗരസഭയിൽ അവിശ്വാസ പ്രമേയ ചർച്ചയ്ക്കിടെ തന്നെ തട്ടിക്കൊണ്ടുപോയത് സി.പി.എമ്മുകാരെന്ന് കൗൺസിലർ കല രാജു. തന്റെ കാല് വെട്ടിമാറ്റുമെന്ന് ഭീഷണിപ്പെടുത്തിയതായും കല രാജു പ്രതികരിച്ചു. തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് കൗൺസിലറുടെ പ്രതികരണം.
തന്നോട് വളരെ മോശം ഭാഷയിൽ സംസാരിച്ചു. വലിച്ചിഴച്ച് കാറിൽ കയറ്റി ദേഹോപദ്രവം ഏല്പിച്ചെന്നും കൗൺസിലർ ആരോപിച്ചു. തന്റെ കാല് കാറിൽ കുടുങ്ങിയപ്പോൾ വെട്ടിമാറ്റി തരാമെന്ന് ഒരു സി.പി.എം പ്രവർത്തകൻ ഭീഷണിപ്പെടുത്തിയതായും കല രാജു പറഞ്ഞു. തട്ടിക്കൊണ്ടു പോയതിന് ശേഷം സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസിലാണ് തന്നെ എത്തിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോൾ ആശുപത്രിയിൽ എത്തിച്ചില്ലെന്നും നെഞ്ചുവേദന അനുഭവപ്പെട്ടപ്പോൾ ഗ്യാസിന്റെ ഗുളിക തന്നുവെന്നും കല രാജു പറഞ്ഞു. ഇവരെ കൂത്താട്ടുകുളം ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കൂത്താട്ടുകുളം നഗരസഭയിൽ അവിശ്വാസ പ്രമേയം ചർച്ച ചെയ്യാനിരിക്കവെയാണ്സി.പി,എം കൗൺസിലറെ തട്ടിക്കൊണ്ടുപോയത്. സംഭവത്തിൽ സി.പി.എം കൂത്താട്ടുകുളം ഏരിയാ സെക്രട്ടറി, നഗരസഭാ ചെയർപേഴ്‌സൺ, വൈസ് ചെയർമാൻ , പാർട്ടി ലോക്കൽ സെക്രട്ടറി എന്നിവരടക്കം 45 പേരെ പ്രതിയാക്കി പൊലീസ് കേസെടുത്തു. യു.ഡി.എഫ് നൽകിയ അവിശ്വാസ പ്രമേയ ചർച്ചയിൽ നിന്ന് വിട്ടുനിൽത്താൻ ആവശ്യപ്പെട്ടത് പ്രകാരം കലാരാജു അടക്കം എല്ലാവരും പാർട്ടി ഓഫീസിലാണ് ഉണ്ടായിരുന്നത് എന്നാണ് നഗരസഭാ വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ് പറഞ്ഞത്. ഇത് തള്ളിയാണ് കൗൺസിലർ കല രാജു രംഗത്തെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |