മലപ്പുറം : മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ, മലപ്പുറം ഊർങ്ങാട്ടിരിയിൽ കിണറ്റിൽ വീണ കാട്ടാനയെ കര കയറ്റി. രാത്രി പത്തോടെയാണ് കാട്ടാന കിണറ്റിൽ നിന്ന് പുറത്തേക്ക് കയറിയത്. 20 മണിക്കൂറോളം കാട്ടാന കിണറ്റിൽ കുടുങ്ങിയിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കിണറിന്റെ ഒരുഭാഗം ഇടിച്ച് ആനയെ കര കയറ്റി വനത്തിലേക്ക് വിടാനുള്ള ദൗത്യമാണ് മണിക്കൂറുകൾക്ക് ശേഷം വിജയിച്ചത്.
ആനയെ കര കയറ്റാനായി കിണറിന്റെ ഒരു ഭാഗം ജെ.സി.ബി ഉപയോഗിച്ച് ഇടിച്ചുനിരത്തുകയായിരുന്നു. ഇതിലൂടെ പലവട്ടം ആന കയറാൻ ശ്രമിച്ചെങ്കിലും പിൻകാലുകൾ ഉയർത്തുന്നതിൽ പരാജയപ്പെട്ടു. പല തവണ ശ്രമം ആവർത്തിച്ചെങ്കിലും കിണറ്റിലേക്ക് വീണു. പിന്നീട് രാത്രി പത്തോടെ നടത്തിയ ശ്രമം വിജയിക്കുകയായിരുന്നു. അക്രമം കാണിക്കാതെ ആന നേരെ റബർ തോട്ടത്തിലേക്കാണ് പോയത്. ആന ക്ഷീണിതനാണെന്നാണ് വനം വകുപ്പ് അധികൃതർ പറയുന്നത്. ആനക്കൂട്ടത്തെ വനത്തിനകത്തേക്ക് തുരത്താൻ നാളെ കുങ്കിയാനകളെ എത്തിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |