തിരുവനന്തപുരം: ഭൂരഹിതരായ എല്ലാവർക്കും ഭൂമി നൽകാനും അവരെ ഭൂമിയുടെ ഉടമകളാക്കി മാറ്റാനും ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
കവടിയാറിൽ റവന്യൂ വകുപ്പ് നിർമിക്കുന്ന ആസ്ഥാന മന്ദിരമായ റവന്യൂ ഭവന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഭൂരഹിതരുടെ കണക്ക് ശേഖരിച്ചുവരികയാണ്. ഏഴര വർഷത്തിനിടെ ഏഴായിരം ആദിവാസി കുടുംബങ്ങൾക്കായി 6000 ഏക്കർ ഭൂമി കൈമാറാൻ സാധിച്ചു. വിവിധ ജില്ലകളിലായി 45 ഏക്കർ ഭൂമി വാങ്ങി ആദിവാസികൾക്ക് നൽകി. 7693 ഏക്കർ നിക്ഷിപ്ത വനഭൂമി വിതരണം ചെയ്യാൻ കേന്ദ്രാനുമതി നേടിയെടുത്തു. ഇതിൽ 2000 ഏക്കറോളം വിതരണം ചെയ്തു. 3647 ആദിവാസി കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കും. പട്ടയവിതരണം കൂടുതൽ കാര്യക്ഷമമാക്കും.
അനധികൃതമായി ഭൂമി കൈവശംവച്ചിരിക്കുന്നത് ഏതു തമ്പുരാനായാലും ആ ഭൂമി പിടിച്ചെടുത്ത് പാവങ്ങൾക്ക് വിതരണം ചെയ്യുമെന്ന് അദ്ധ്യക്ഷത വഹിച്ച റവന്യൂ മന്ത്രി കെ. രാജൻ പറഞ്ഞു.
കവടിയാറിൽ മൂന്നു നിലകളിലായി 34,000 ചതുരശ്രയടിയിൽ നിർമ്മിക്കുന്ന റവന്യൂഭവന്റെ നിർമ്മാണ കരാർ ഊരാളുങ്കലിനാണ്. ഒരു വർഷത്തിനുള്ളിൽ കെട്ടിടം പൂർത്തിയാക്കും. 25 കോടിയാണ് നിർമാണച്ചെലവ്.
മന്ത്രിമാരായ വി.ശിവൻകുട്ടി, ജി. ആർ. അനിൽ, വി .കെ. പ്രശാന്ത് എം.എൽ.എ, കൗൺസിലർ എസ്. സതികുമാരി, റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, എൻ.ജി.ഒ യൂണിയൻ ജനറൽ സെക്രട്ടറി എം. എ അജിത്കുമാർ, ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിംഗൽ, കളക്ടർ ജെറോമിക് ജോർജ്, ലാൻഡ് റവന്യൂ കമ്മിഷണർ ഡോ. എ.കൗശിഗൻ എന്നിവർ സംസാരിച്ചു.
അഴിമതിയില്ല, തല ഉയർത്തി നിൽക്കാം
അഴിമതിയുടെ കാര്യത്തിൽ ആരുടെ മുന്നിലും തല കുനിക്കേണ്ട സാഹചര്യമില്ലെന്നും എവിടെയും തല ഉയർത്തി നിൽക്കാൻ മന്ത്രിസഭയ്ക്കും മന്ത്രിമാർക്കും കഴിയുമെന്നും മുഖ്യമന്ത്രി പിണറായിവിജയൻ. കുറ്റം ചെയ്തില്ലെങ്കിൽ എന്തുവന്നാലും തല ഉയർത്തി നേരിടാൻ കഴിയും. വല്ലാത്തതരത്തിൽ പണത്തിന് പിന്നാലെ പോകാനുള്ള ത്വര ആരും കാട്ടരുത്. അങ്ങനെ ചെയ്താൽ മനഃസമാധാനം നഷ്ടപ്പെടും. കുറ്റവാളിയെന്ന ചിന്ത മനസിൽ വന്നാലേ മനഃസമാധാനം തകരൂ .
നിക്ഷേപകർ മറ്റ് സംസ്ഥാനങ്ങളിലേക്ക് ചെന്നാൽ, ആദ്യം തന്നെ കമ്മിഷൻ ഉറപ്പിക്കേണ്ട അവസ്ഥയുണ്ട്. അത്തരത്തിൽ ഒരു ഏർപ്പാടുമില്ലാത്ത സംസ്ഥാനമാണ് കേരളം. ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമെന്ന പേര് കേരളത്തിനാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |