തിരുവനന്തപുരം: കേരളത്തിന്റെ ഭാവി വികസനത്തിൽ നിർണായക പങ്കു വഹിക്കേണ്ട വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് കേന്ദ്ര ധനമന്ത്രാലയത്തിന്റെ സഹായം അഭ്യർത്ഥിച്ച് മുഖ്യമന്ത്രി പിണറായിവിജയൻ കേന്ദ്രധനമന്ത്രി നിർമല സീതാരാമന് കത്തയച്ചു. വിഴിഞ്ഞം തുറമുഖ നിർമാണത്തിനായി അനുവദിക്കുന്ന വയബിലിറ്റി ഗ്യാപ്പ് ഫണ്ട് (വി.ജി.എഫ്- ഒരു വ്യവസായ സംരംഭം വിജയപ്രദമാക്കാൻ അനുവദിക്കുന്ന ഗ്രാന്റ്)
തിരിച്ചടയ്ക്കണമെന്ന കേന്ദ്രത്തിന്റെ ആവശ്യം പുനഃപരിശോധിക്കണം. അതാത് സമയത്തെ രൂപയുടെ വിനിമയ മൂല്യത്തിന്റെ അടിസ്ഥാനത്തിൽ (എൻ.പി.വി) ഈ ഗ്രാന്റ് സംസ്ഥാന സർക്കാർ തിരികെ അടയ്ക്കണമെന്നതായിരുന്നു വ്യവസ്ഥ. പദ്ധതിക്കായി ആകെ വേണ്ടിവരുന്ന 8867 കോടിയിൽ 5595 കോടി സംസ്ഥാന സർക്കാർ നിക്ഷേപം നടത്തുന്നുണ്ട്. എൻ.പി.വി പ്രകാരം 817.80 കോടി രൂപയുടെ തിരിച്ചടവ് നടത്തുന്നതിലൂടെ സംസ്ഥാന ഖജനാവിന് 10,000 മുതൽ 12,000 വരെ നഷ്ടമാണ് ഉണ്ടാവുന്നത്. തൂത്തുക്കുടി തുറമുഖത്തിന് ഈ ആനുകൂല്യം നൽകിയതും കത്തിൽ ചൂണ്ടിക്കാട്ടുന്നു. വി.ജി.എഫിനെ വായ്പയായി കണക്കാക്കാതെ , ഒറ്റത്തവണ ഗ്രാന്റായി പരിഗണിച്ച് കേരളത്തിന്റെ സാമ്പത്തിക ബാദ്ധ്യത കുറയ്ക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
തുറമുഖത്തെ കസ്റ്റംസ് തീരുവയിലെ ഒരു രൂപയിൽ നിന്നു കേന്ദ്രസർക്കാരിന് 60 പൈസ ലഭിക്കുമ്പോൾ കേരളത്തിന് മൂന്ന് പൈസയിൽ താഴെയേ കൈവശം വയ്ക്കാനാവൂ. വിഴിഞ്ഞത്തുനിന്ന് പ്രതിവർഷം 10,000 കോടി രൂപ കസ്റ്റംസ് തീരുവയായി ലഭിക്കും. ഇതുവഴി കേന്ദ്രത്തിന് 6000 കോടി രൂപയാണ് അധികവരുമാനം ലഭിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |