SignIn
Kerala Kaumudi Online
Wednesday, 07 January 2026 2.23 PM IST

'സഹിക്കാനാകാതെ വന്നാൽ സിപിഎം വിടും, അത്തരമൊരു സാഹചര്യം ഉണ്ടാകുന്നുണ്ട്': വെളിപ്പെടുത്തി പാർട്ടി നേതാവ്

Increase Font Size Decrease Font Size Print Page
cpm

ഇടുക്കി: സിപിഎം വിട്ട് ബിജെപിയിൽ ചേർന്നേക്കുമെന്ന് ഏറക്കുറെ ഉറപ്പിച്ചുപറഞ്ഞ് ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ. കൂടെയുള്ളവരെ സംരക്ഷിക്കാൻ ഭാവിയിൽ ലഭ്യമായ ഏതുസഹായവും സ്വീകരിക്കും. പാർട്ടിയുമായുള്ള പ്രശ്നങ്ങളൊന്നും പരിഹരിച്ചിട്ടില്ല. സഹിക്കാൻ പറ്റാതെ വന്നാൽ പാർട്ടിവിടുമെന്നും അങ്ങനെയൊരു സാഹചര്യം ഇപ്പോൾ ഉണ്ടാകുന്നുണ്ടെന്നുമാണ് അദ്ദേഹം ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞത്. ഒപ്പമുള്ളവരെ ഉപദ്രവിക്കുന്നത് പാർട്ടി തുടരുകയാണെന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങാൻ ആരും തന്നോട് ആവശ്യപ്പെട്ടിട്ടില്ലെന്നും രാജേന്ദ്രൻ പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പാണ് എസ് രാജേന്ദ്രൻ ബിജെപിയിലേക്ക് പോകുന്നു എന്നതരത്തിലുള്ള വാർത്തകൾ പുറത്തുവന്നത്. പിന്നാക്കമോർച്ച നേതാവിനൊപ്പം ഡൽഹിയിൽ പോയി ജാവദേക്കറെ കണ്ടത്. വാർത്ത പുറത്തുവന്നതോടെ സിപിഎം ഇടപെടുകയും എസ് രാജന്ദ്രനെ തണുപ്പിക്കുകയും ചെയ്തു. പ്രശ്നങ്ങൾ എല്ലാം തീർന്നെന്നും എസ് രാജേന്ദ്രൻ തിരഞ്ഞെടുപ്പിൽ സജീവമാകുമെന്നുമാണ് പാർട്ടിയുടെ ഉന്നത നേതാക്കൾ തന്നെ പറഞ്ഞിരുന്നത്. എന്നാൽ ഒന്നും നടന്നില്ല.

കോൺഗ്രസിൽ നിന്ന് നേതാക്കൾ കൂട്ടത്തോടെ ബിജെപിയിൽ ചേക്കേറുന്നത് മുഖ്യ പ്രചരണായുധമാക്കിയിരുന്ന സിപിഎം, തങ്ങളുടെ ഒരു മുൻ എംഎൽഎ തന്നെ ബിജെപിയിലേക്കുപോയാൽ തിരഞ്ഞെടുപ്പിൽ ഉണ്ടാകാനിടയുള്ള തിരിച്ചടി ഒഴിവാക്കാനാണ് എസ് രാജേന്ദ്രനെ തൽക്കാലം തണുപ്പിച്ച് നിറുത്തിയത്. ഏറെക്കുറെ പുകഞ്ഞ കൊള്ളിയായ രാജേന്ദ്രൻ ഇനി സിപിഎം വിട്ടാൽ ഒന്നും സംഭവിക്കാനില്ലെന്നും അതിനാൽ എത്രയും വേഗം പുറത്തേക്കുള്ള വഴികാണിക്കാനുമാണ് ഇപ്പോൾ പാർട്ടിയുടെ ശ്രമം എന്നാണ് വിലയിരുത്തൽ.

ബിജെപി തമിഴ്‌നാട് ഘടകവുമായി ചേർന്ന് പ്രവർത്തിക്കാനാണ് എസ് രാജേന്ദ്രന്റെ നീക്കമെന്നാണ് അറിയുന്നത്. സ്വന്തം നിലനിൽപ്പിനൊപ്പം ഒപ്പമുള്ളവരുടെ കാര്യത്തിലും നീക്കുപോക്കുണ്ടാക്കാനുള്ള ഡീലുമാണ് ഇപ്പോൾ ബിജെപിയുമായി നടത്തുന്നതെന്നാണ് റിപ്പോർട്ട്. ബിജെപിയുടെ കേരള ഘടകത്തെ അറിയിക്കാതെ കേന്ദ്ര നേതൃത്വം നേരിട്ടാണ് ചർച്ചകൾ നടത്തുന്നത്.

എസ് രാജേന്ദ്രനൊപ്പം മറ്റ് പാര്‍ട്ടികളിലെ നൂറിലേറെ നേതാക്കളെ തങ്ങളുടെ പാളയത്തിലെത്തിക്കാനും ബിജെപി നേതൃത്വം ലക്ഷ്യമിടുന്നുണ്ട്. സിപിഎം, സിപിഐ നേതാക്കൾക്ക് പുറമേ മുതിര്‍ന്ന ചില കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് നേതാക്കളും ഇതില്‍ ഉള്‍പ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ട്. അതത് പാര്‍ട്ടികളിലും മുന്നണികളിലും അസംതൃപ്തരായവരോടാണ് കൂടുതലും ലക്ഷ്യമിടുന്നത്.

അതേസമയം, ഇപി ജയരാജന്റെ ബിജെപി പ്രവേശനത്തിന് ദല്ലാള്‍ നന്ദകുമാര്‍ പണം ചോദിച്ചെന്ന ശോഭാ സുരേന്ദ്രന്റെ വെളിപ്പെടുത്തല്‍ പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയിട്ടുണ്ടെന്ന് ഒരുവിഭാഗം നേതാക്കൾ വ്യക്തമാക്കുന്നുണ്ട്. ഓപ്പറേഷൻ താമരപോലെയുള്ള പാർട്ടിക്കെതിരെയുള്ള ആരോപണങ്ങൾക്ക് ശക്തിപകരാൻ ഇത് ഇടയാക്കും എന്നാണ് അവർ പറയുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വന്നശേഷം മറ്റുപാർട്ടികളിൽ നിന്ന് കൂടുതൽ നേതാക്കൾ ബിജെപിയിലേക്ക് എത്തുമെന്നും അവർ സൂചിപ്പിക്കുന്നുണ്ട്.

TAGS: S RAJENDRAN, BJP, CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY