
തിരുവനന്തപുരം: ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാന്‍ താത്പര്യം അറിയിച്ചതായി സൂചന. ബിജെപി രണ്ടാം സ്ഥാനത്തുള്ള മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. ഇവിടെ സീറ്റ് കിട്ടിയില്ലെങ്കില്‍ സുരേന്ദ്രന്‍ മത്സരരംഗത്തുണ്ടാകാന്‍ സാദ്ധ്യതയില്ലെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നേമത്തും മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍ കഴക്കൂട്ടത്തും മത്സരിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്.
ഈ സാഹചര്യത്തില്‍ കെ സുരേന്ദ്രന്‍ വട്ടിയൂര്‍ക്കാവിലേക്ക് എത്തുകയാണെങ്കില്‍ തലസ്ഥാനത്തെ മൂന്ന് നഗര മണ്ഡലങ്ങളിലും ബിജെപിക്ക് ശക്തരായ സ്ഥാനാര്‍ത്ഥികളാകും. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഈ മൂന്ന് മണ്ഡലങ്ങളിലും ബിജെപി ഒന്നാമത് എത്തിയിരുന്നു. മേയര്‍ സ്ഥാനം നല്‍കാത്തതില്‍ ഉടക്കി നില്‍ക്കുന്ന ആര്‍ ശ്രീലേഖയെ വട്ടിയൂര്‍ക്കാവില്‍ മത്സരിപ്പിക്കാനായിരുന്നു പാര്‍ട്ടിയുടെ നീക്കം. എന്നാല്‍ തനിക്ക് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യമില്ലെന്ന് ശ്രീലേഖ വ്യക്തമാക്കിയിരുന്നു.
കെ. സുരേന്ദ്രനെ പാലക്കാട്ട് മത്സരിപ്പിക്കാന്‍ നേതൃത്വം ആലോചിക്കുന്നതിനിടെയാണ് അദ്ദേഹം വട്ടിയൂര്‍ക്കാവിനായി നീക്കം നടത്തുന്നെന്നാണ് റിപ്പോര്‍ട്ട്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വി.വി രാജേഷ് വട്ടിയൂര്‍ക്കാവില്‍ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. അമിത് ഷാ ഈ മാസം 11-ന് സംസ്ഥാനത്ത് വരുന്നുണ്ട്. ഇതിന് ശേഷമായിരിക്കും സ്ഥാനാര്‍ത്ഥികളുമായി ബന്ധപ്പെട്ട് കൂടുതല്‍ ചര്‍ച്ചകള്‍ ഉണ്ടാകുക എന്നാണ് വിവരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |